ന്യൂഡല്‍ഹി | വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതിപിടിക്കുന്നതിനെതിരെ കത്തോലിക്കാ സഭയിലെ വൈദികരും കന്യാസ്ത്രീകളും നല്‍കിയ 93 അപ്പീലുകള്‍ സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്നും നികുതി ഈടാക്കാമെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്നും ആദായ നികുതി (ടിഡിഎസ് ) ഈടാക്കുന്നത് ശരിവെച്ച ഉത്തരവ് പുനപരിശോധിക്കുന്നതിനുള്ള ഹര്‍ജി തള്ളി.
ശമ്പളം വ്യക്തികള്‍ക്കാണ് ലഭിക്കുന്നത്. ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത് എന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നല്‍കുന്നത് ശമ്പള ഇടമായിട്ടാണ് കണക്കിലെ രേഖപ്പെടുത്തുന്നത് വ്യക്തിക്ക് നല്‍കുന്ന ശമ്പളം മറ്റാര്‍ക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞാല്‍ നികുതി ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.