ലഖ്നൗ | രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തിയ ശേഷം ആ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാം എന്നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഹര്‍ജിക്കാരനോട് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് മാത്രമാണ് തീരുമാനം സ്വീകരിക്കാന്‍ കഴിയുക എന്നും കോടതി അറിയിച്ചു.
രണ്ടു രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെയേ ഈ വിഷയത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും തീരുമാനം സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ പ്രത്യേക സമയപരിധികള്‍ വയ്ക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് എ.ആര്‍. മസൂദി, ജസ്റ്റിസ് രാജീവ് സിങ് എന്നിവര്‍ ഉള്‍പ്പെട്ട ലഖ്നൗ ബെഞ്ച് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിക്ക് യുണൈറ്റഡ് കിംഗ്ഡത്തിന്റെയും ഇന്ത്യയുടെയും ഇരട്ട പൗരത്വം ഉള്ളതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 84(എ) പ്രകാരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ
വിഘ്നേഷ് ശിശിര്‍ ആയിരുന്നു കോടതിയെ സമീപിച്ചിരുന്നത്.