ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്ന ഇന്ത്യയെ തണുപ്പിക്കാന്‍ നേരിട്ട് ഇടപെടാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി പാക്കിസ്ഥാന്‍. അടുത്തയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യൂഡല്‍ഹി സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ പാക്കിസ്ഥാനിലെത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഒരു ദിവസത്തെ ഔദ്യോഗിക യാത്രയ്ക്കായി തിങ്കളാഴ്ച ഇസ്ലാമാബാദ് സന്ദര്‍ശിക്കുമെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അരഘ്ചിക്കൊപ്പം ഒരു ഉന്നതതല പ്രതിനിധി സംഘവും ഉണ്ടാകും. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി കൂടിക്കാഴ്ച നടത്തിയശേഷമാകും ഇന്ത്യാ സന്ദര്‍ശനം.
ഇന്ത്യന്‍ തിരിച്ചടി അത്രമേല്‍ ശക്തമാകുമെന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. അതുകൊണ്ടു തന്നെയാണ് അവസാനശ്രമമെന്ന നിലയില്‍ ഇറാനെ രംഗത്തിറക്കുന്നത്. ഇന്ത്യയും ഇറാനുമായുള്ള നയതന്ത്രബന്ധം ശക്തമാണ്. ഈ സ്വാധീനമുപയോഗിച്ച് രംഗം തണുപ്പിക്കാനാണ് നീക്കം.
ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് ഈ സന്ദര്‍ശനം സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം അരാഗ്ചി ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്നും ബഗായ് ചൂണ്ടിക്കാട്ടി.