തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ – കായിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സില്‍ മുഖ്യമന്ത്രി ചിത്രം പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍. ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് സൂംബാ ഡാന്‍സ് സംഘടിപ്പിക്കുന്നത്. മെഗാ സൂംമ്പാ ഡാന്‍സിന്റെ ടി ഷര്‍ട്ട് മന്ത്രി വി. ശിവന്‍കുട്ടി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കി പ്രകാശനം ചെയ്തിരുന്നു.
ആദ്യ പരിപാടിയായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ ഡിസ്‌പ്ലെ ഇന്ന് (ഏപ്രില്‍ 30) വൈകിട്ട് 5 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുമിച്ച് പങ്കെടുക്കുവാന്‍ കഴിയുന്ന കായിക പ്രവര്‍ത്തനങ്ങളായ സൂംബാ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കലാ കായിക പ്രവര്‍ത്തനങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ കലാകായിക പഠനങ്ങള്‍ക്കുള്ള പിരീഡ് നിര്‍ബന്ധമായും അതിനുതന്നെ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ നടക്കുന്ന എന്‍.സി.ഇ.ആര്‍.ടി യുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിയും വിദ്യാഭാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നുംവിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ടത് ഉള്‍പ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ മെയ് 2 ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരിട്ട് കണ്ട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് ആസ്ഥാനമായ കേരളം ബോര്‍ഡ് ഓഫ് പബ്ലിക് എക്സാമിനേഷന്‍സ് എന്ന വ്യാജ സ്ഥാപനം ബിപിഇ കേരള എന്ന വ്യാജ വെബ്സൈറ്റിലൂടെ പരീക്ഷാ ഭവനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നുണ്ടെന്നും ഇക്കാര്യം പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.