ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഹാഷിം മൂസ പാകിസ്ഥാന് സൈന്യത്തിന്റെ മുന്‍ പാരാ കമാന്‍ഡോയാണെന്ന് കണ്ടെത്തി. പിന്നീട് ലഷ്കര്‍-ഇ-തൊയ്ബയില്‍ (എല്‍ഇടി) ചേര്‍ന്ന മൂസ, ഒരു വര്‍ഷം മുമ്പ് മറ്റൊരു ഭീകരനോടൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. ാകിസ്ഥാന്‍ സൈന്യത്തില്‍ പരിശീലനം ലഭിച്ച കമാന്‍ഡോ എന്ന നിലയില്‍ ഹാഷിം മൂസയുടെ പങ്ക് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയ്ക്ക് ഗുണംചെയ്യും. പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന് ബന്ധം തെളിയിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന വിവരമാണിത്.
2024 ഒക്ടോബറിലെ സോനാമര്‍ഗ് തുരങ്ക ആക്രമണവുമായും മൂസയ്ക്ക് ബന്ധമുണ്ട്. ആ ആക്രമണത്തില്‍ ഉള്‍പ്പെട്ട ജുനൈദ് അഹമ്മദ് ഭട്ട് 2024 ഡിസംബറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. ഭട്ടില്‍ നിന്ന് കണ്ടെടുത്ത ഒരു ഫോണില്‍ നിന്നാണ് മൂസയുടെ പങ്ക് വെളിപ്പെട്ടത്. അതേസമയം, പ്രാദേശിക കശ്മീരികളില്‍ നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ ഭീകരര്‍ക്ക് സഹായം നല്കിയ 15 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിര്‍ത്തി വേലി മുറിച്ചുകടന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഈ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹാഷിം മൂസയോട് ഒപ്പമുണ്ടായിരുന്ന പലരും കൊല്ലപ്പെട്ടിട്ടുണ്ട്.