ന്യൂഡല്‍ഹി | ഛത്തീസ്ഗഢിലെ റായ്ഗഢില് തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍ ഐഡി ഉള്‍പ്പെടെ ഇന്ത്യന്‍ രേഖകള്‍ നേടിയ രണ്ട് പാകിസ്ഥാന് പൗരന്മാര് അറസ്റ്റില്‍. കറാച്ചി സ്വദേശികളായ ഇഫ്തിഖര്‍ ഷെയ്ഖ് (29), അര്‍ണിഷ് ഷെയ്ഖ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് സാധുവായ പാകിസ്ഥാന് പാസ്പോര്‍ട്ടുകളും ദീര്‍ഘകാല വിസകളും (എല്‍ടിവി) ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ജൂട്ടെമില് പോലീസ് സ്റ്റേഷന് പരിധിയിലുള്ള കൊടതരായ് ഗ്രാമത്തിലാണ് ഇവര്‍ നിലവില്‍ താമസിക്കുന്നത്. റായ്ഗഢ് ജില്ലയിലെ അനധികൃത വിദേശികളെ തിരിച്ചറിയാനുള്ള നടപടിക്കിടെ, യാക്കൂബ് ഷെയ്ഖ് എന്നയാളുടെ വീട്ടില്‍ ഇഫ്തിഖറും അര്ണിഷും താമസിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആര്ണിഷും ഇഫ്തിഖറും വോട്ടര്‍ ഐഡി കാര്‍ഡുകളും മറ്റ് ഇന്ത്യന്‍ രേഖകളും വ്യാജമായി നേടിയതായി അന്വേഷണത്തില്‍ വ്യക്തമായത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 199 (തെറ്റായി തെളിവായി ലഭിക്കുന്ന തെറ്റായ പ്രസ്താവന), 200 (തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത്തരം പ്രഖ്യാപനം സത്യമായി ഉപയോഗിക്കുന്നത്), 419 (ആള്‍മാറാട്ടം നടത്തിയതിന് ശിക്ഷ), 467 (വിലപ്പെട്ട സുരക്ഷയുടെ വ്യാജരേഖ, വില്പത്രം), 468 (വഞ്ചനയുടെ ഉദ്ദേശ്യത്തോടെ വ്യാജരേഖ തയ്യാറാക്കല്‍), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന് പൗരന്മാരുടെ ഹ്രസ്വകാല വിസ റദ്ദാക്കിയശേഷമുള്ള സമയപരിധി അവസാനിച്ചതോടെ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.