തിരുവനന്തപുരം | വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ 2024-25 സാമ്പത്തിക വര്‍ഷം നേടിയത് റെക്കോര്‍ഡ് വളര്‍ച്ചയെന്ന് സര്‍ക്കാര്‍. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ല്‍ നിന്ന് 24 ആയി ഉയര്‍ന്നു. സഞ്ചിത പ്രവര്‍ത്തനലാഭം 134.56 കോടി രൂപയായി വര്‍ധിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാര്‍ഷിക വിറ്റുവരവ് 4419 കോടിയില്‍ നിന്ന് 5119.18 കോടിയായി വര്‍ധിച്ചു. 15.82%യാണ് വര്‍ധന. വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ബോര്‍ഡ് ഫോര്‍ പബ്ളിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വളര്‍ച്ചയുടെ വ്യക്തമായ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
സ്വയംഭരണ സ്ഥാപനങ്ങളായ കിന്‍ഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിന്‍ഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 61.81 കോടി രൂപയുടെ ലാഭവും നേടി. കെല്‍ട്രോണ്‍ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി. പ്രവര്‍ത്തനലാഭത്തില്‍ 107.67 കോടി നേടി കെഎംഎംഎല്‍ മികച്ച നേട്ടം സ്വന്തമാക്കി. കെല്‍ട്രോണ്‍ 50.54 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കി. ടി.സി.സി, കെല്‍, കേരളാ സിറാമിക്സ്, ട്രിവാന്‍ട്രം സ്പിന്നിങ് മില്‍, കയര്‍ മെഷിനറി സ്ഥാപനങ്ങള്‍ ലാഭത്തിലായി. 32 കമ്പനികളുടെ വാര്‍ഷിക വിറ്റുവരവില്‍ വര്‍ധനവുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് കേരളം ഏറ്റെടുത്ത വെള്ളൂര്‍ കെപിപിഎല്ലിന്റെ നഷ്ടം 17.31 കോടിയില്‍ നിന്ന് 2.26 കോടിയായി കുറഞ്ഞു.
കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് (കെ.പി.പി.എല്‍) മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കുന്നു. റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റുന്നതിന് 1050 കോടിയുടെ കേരള റബ്ബര്‍ ലിമിറ്റഡ് എന്ന പുതിയ സ്ഥാപനം ആരംഭിച്ചു. കയറുല്‍പന്നങ്ങളുടെ വിപണനത്തിന് വാള്‍മാള്‍ട്ടുമായി കേരള കയര്‍ കോര്‍പ്പറേഷന്‍ ധാരണയിലെത്തി. ഇന്ത്യയില്‍ ഇത്തരത്തില്‍ വാള്‍മാള്‍ട്ടുമായി കരാറിലേര്‍പ്പെടുന്നത് തന്നെ ആദ്യമായിട്ടാണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, അമൃത്സര്‍ സുവര്‍ണക്ഷേത്രത്തിലേക്ക് കയര്‍ഫെഡ് നൂല്‍ കയറ്റുമതി, കേരള സ്റ്റേറ്റ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു എന്ന് തുടങ്ങി ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചതായും വ്യവസായ വകുപ്പ് അറിയിക്കുന്നു.