ബെംഗളൂരു : മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (കെ കസ്തൂരിരംഗന്‍) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധങ്ങളായ അസുഖബാധിതനായി കഴിയവേ ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യയുടെ ശാസ്ത്ര-വിദ്യാഭ്യാസ യാത്രയിലെ ഒരു ഉന്നത വ്യക്തിത്വമായ കെ കസ്തൂരിരംഗന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു
കെ കസ്തൂരിരംഗന്റെ മൃതദേഹം രാമന്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഏപ്രില്‍ 27നാണ് സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്. ശാസ്ത്രജ്ഞനായ കെ. കസ്തൂരിരംഗന്‍ 1994 മുതല്‍ 2003 വരെ ഐ.എസ്.ആര്‍.ഒ.യുടെ ചെയര്‍മാനായിരുന്നു. 2003 മുതല്‍ 2009 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഡയറക്ടര്‍, ന്യൂ എഡ്യൂക്കേഷന്‍ പോളിസി ഡ്രാഫ്റ്റ് കമ്മിറ്റി ചെയര്‍മാന്‍, രാജസ്ഥാനിലെ എന്‍ഐഐടി യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.