ജിദ്ദ | ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തിന് കൂടുതല്‍ കരുത്തേകുന്ന നിരവധി കരാറുകള്‍ ഒപ്പുവയ്ക്കുന്ന സുപ്രധാന സന്ദര്‍ശനത്തിന് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും. നാല് പതിറ്റാണ്ടിനിടെ ചെങ്കടല്‍ തുറമുഖ നഗരത്തിലേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദുമായുള്ള മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി ബഹിരാകാശ സഹകരണം, ഊര്‍ജ്ജം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സംസ്‌കാരം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടുന്ന കരാറുകളില്‍ ഒപ്പുവെക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ ധാരണാപത്രങ്ങള്‍ നിലവില്‍ അന്തിമരൂപത്തിലാണ്.
അജണ്ടയിലെ പ്രധാന വിഷയങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടനവും ഉള്‍പ്പെടുന്നു. കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കും. 2025-ലേക്കുള്ള ഇന്ത്യയുടെ വിഹിതം 175,025 ഹജ്ജ് തീര്‍ത്ഥാടകരായി വര്‍ദ്ധിച്ചു. 2014-ല്‍ ഇത് 136,020 ആയിരുന്നു.