ന്യൂഡല്‍ഹി | ഇന്ന് ഓഹരി വിപണയില്‍ വന്‍ കുതിപ്പ്. വ്യാപാരം അവസാനിക്കുമ്പോള്‍, എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സ് 855.30 പോയിന്റ് ഉയര്‍ന്ന് 79,408.50 ലും, എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 273.90 പോയിന്റ് ഉയര്‍ന്ന് 24,125.55 ലും, ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം മൂന്ന് മാസത്തിനിടെ ആദ്യമായി 5 ട്രില്യണ്‍ ഡോളറിലുമെത്തി.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയയുടെ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം സെഷനിലും ഉയര്‍ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ഐടി ഓഹരികളിലും വന്‍ നേട്ടം തുടരുകയാണ്.

2025 ജനുവരി 6 ന് ശേഷം ആദ്യമായാണ് 24,000 ലെവല്‍ കടന്നത്. അതേസമയം, ആദ്യ സെഷനില്‍ നിഫ്റ്റി ബാങ്ക് റെക്കോര്‍ഡ് ഉയരത്തിലെത്തി, 55,000 ലെവല്‍ മറികടന്നു.

എന്നാല്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ ജെന്‍സോള്‍ എഞ്ചിനീയറിംഗ് കമ്പനിയുടെ ഓഹരികള്‍ കൂപ്പുകുത്തി. ജെന്‍സോള്‍ എഞ്ചിനീയറിംഗ് ഓഹരികള്‍ 5% ഇന്ന് ഇടിഞ്ഞു. ബോംബെ സ്‌റ്റോക്കില്‍ (ബിഎസ്ഇ) ജെന്‍സോള്‍ എഞ്ചിനീയറിംഗ് ഓഹരികള്‍ 4.98% ഇടിഞ്ഞ് 111.65 ആയതോടെ ഏറ്റവും കുറഞ്ഞ വ്യാപാര പരിധിയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയിലുമെത്തി.

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) , 5% ഇടിഞ്ഞ് ?110.71 ആയി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയും രേഖപ്പെടുത്തി. 1,125.75 എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന്, ഓഹരി ഇപ്പോള്‍ 90% ഇടിഞ്ഞു.

സോളാര്‍ കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍, എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം (ഇപിസി) സേവനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങളുടെ പാട്ടം എന്നിവ നല്‍കുന്നതിലായിരുന്നു ജെന്‍സോള്‍ എഞ്ചിനീയറിംഗ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

കഴിഞ്ഞയാഴ്ചയാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ അന്‍മോള്‍ സിംഗ് ജഗ്ഗി, പുനീത് സിംഗ് ജഗ്ഗി എന്നിവരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് സെബി വിലക്കിയത്. പൊതുവായി ലിസ്റ്റ് ചെയ്തിട്ടുള്ള അവരുടെ കമ്പനിയായ ജെന്‍സോള്‍ എഞ്ചിനീയറിംഗില്‍ നിന്നുള്ള വായ്പാ ഫണ്ട് വ്യക്തിഗത ഉപയോഗത്തിനായി വകമാറ്റിയതായും, കോര്‍പ്പറേറ്റ് ഭരണത്തെക്കുറിച്ചും സാമ്പത്തിക ദുരുപയോഗത്തെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നതായും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് വന്നത്.

2013 ലെ കമ്പനി നിയമത്തിലെ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ സെബി ഉത്തരവ് പരിശോധിക്കുകയാണെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) അറിയിക്കുന്നു. വിവിധ നിയമലംഘനങ്ങള്‍ നടത്തിയ കമ്പനി ജെന്‍സോള്‍ എഞ്ചിനീയറിംഗ് വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഇന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here