Heath Roundup

ഭക്ഷണം മരുന്നാണ് എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിനത്തിന്റെ പ്രധാന ആശയം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ കരള്‍ രോഗങ്ങളെ ഒരു പരിധി വരെ തടയാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും എന്ന് ഈ ആശയം ഓര്‍മ്മിപ്പിക്കുന്നു.

നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണക്രമത്തിലെ തെറ്റായ ശീലങ്ങള്‍, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ കരള്‍ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി കാണുന്നു. ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരള്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതരമായ കരള്‍ രോഗങ്ങള്‍ സാധാരണമായി കാണപ്പെടുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എന്നിവ ധാരാളമായി കഴിക്കുക. കൊഴുപ്പ് കൂടിയതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, പതിവായ വ്യായാമം ചെയ്യുക, മദ്യപാനം ഒഴിവാക്കുക എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഏറെ സഹായിക്കും. രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജില്ലാ ആശുപത്രികളില്‍ ഇത്തരം ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.

സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. ഇത് കൂടാതെ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാന്‍ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.

അതുപോലെ മറ്റൊരു ഗുരുതര അവസ്ഥയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും ഹെപ്പറ്ററ്റിസ് ബിയും സിയും. ഹെപ്പറ്റൈറ്റിസ് സി പൂര്‍ണ്ണമായും 3 മാസം കൊണ്ട് ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും. വളരെയധികം ചെലവുള്ള ഈ ചികിത്സയും സംസ്ഥാന സര്‍ക്കാരിന്റെ ഈ ക്ലിനിക്കുകള്‍ വഴി സൗജന്യമായി ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here