കോഴിക്കോട് | സിപിഎം നേതാവ് കെ കെ രാഗേഷിനെ പ്രശംസിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട് സാംസ്‌കാരിക വകുപ്പ് ഡയറക്ടറും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് മാനേജിംഗ് ഡയറക്ടറുമായ ദിവ്യ എസ് അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമ്പോള്‍ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരിനാഥന്റെ ഭാര്യ കൂടിയായ ദിവ്യ എസ് അയ്യര്‍ക്കെതിരേ കോണ്‍ഗ്രസ് അനുഭാവികളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഓണ്‍ലൈന്‍ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് സിപിഎം പൂര്‍ണ്ണമായും ദിവ്യയെ പിന്‍തുണച്ച് രംഗം കൊഴുപ്പിക്കുന്നതും.

രാഷ്ട്രീയ നേതാക്കള്‍ ദിവ്യ എസ്. അയ്യര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വളര്‍ന്നുവരുന്ന ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണെന്നാണ് എം വി ഗോവിന്ദന്‍ വിലയിരുത്തുന്നത്. ഇന്നലെ (വ്യാഴം) കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് എം.വി. ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.

സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ചാലും പുരുഷാധിപത്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അവര്‍ പലപ്പോഴും വിധേയരാകാറുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു. ”ഇതിനെക്കുറിച്ച് താന്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ദിവ്യ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,” ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ദിവ്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയമിതനായതിന് സിപിഎം നേതാവ് കെ.കെ. രാഗേഷിനെ ദിവ്യ എസ്. അയ്യര്‍ പ്രശംസിച്ചതോടെയാണ് വിവാദമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രവര്‍ത്തിച്ച സമയത്ത് രാഗേഷില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി, രാഗേഷിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ദിവ്യ പോസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here