മുംബൈ| എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) മുംബൈയില്‍ നടന്ന പ്രതിഷേധത്തിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിഡബ്ല്യുസി അംഗവുമായ രമേശ് ചെന്നിത്തലയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ചെന്നിത്തലയെ പ്രതിഷേധ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ദാദര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളെയും പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോണിയയെയും രാഹുല്‍ ഗാന്ധിയെയും ലക്ഷ്യമിട്ട് ഇഡി നടത്തിയ രാഷ്ട്രീയ പ്രേരിത നടപടികളെ അപലപിക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 988 കോടി രൂപ വെളുപ്പിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വിവിധ വകുപ്പുകള്‍ പ്രകാരം ഏപ്രില്‍ 9 ന് പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്തു.
‘കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ പകപോക്കലാണ് ഇത്. കോണ്‍ഗ്രസിനെ ഇങ്ങനെ അവസാനിപ്പിക്കാന്‍ കഴിയില്ല. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജനങ്ങളുടെ പിന്തുണയുണ്ട്,’ – ചെന്നിത്തല മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്നും ഏപ്രില്‍ 19 ന് ഡല്‍ഹിയില്‍ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.