ന്യൂഡല്‍ഹി | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മീഷനിങ് നിര്‍വഹിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 20% വിഹിതം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്ന് കരാര്‍ ഒപ്പിട്ടതോടെയാണ് ഔപചാരിക ഉദ്ഘാടനത്തിനായി തീയതി നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുറമുഖം വാണിജ്യ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുറമുഖ വികസനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നു.
സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകിയിരുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ട് വിഹിതമായി തുറമുഖത്തിന്റെ കണ്‍സെഷനര്‍ ആയ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് 817.80 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടത്.