കൊല്‍ക്കത്ത | പശ്ചിമബംഗാളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം
കനത്ത അക്രമമായി പടരുകയാണ്. പോലീസിന് നിയന്ത്രിക്കാനാകാത്ത വിധം കൈവിട്ടുപോയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മാര്‍ഡയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് നിരവധി കുടുംബങ്ങള്‍ എത്തുകയാണെന്നും ഒട്ടേറെ കുടുംബങ്ങളിലെ അംഗങ്ങള്‍ പരസ്പരം വേര്‍പ്പെട്ടു പോയതായും പറയപ്പെടുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ സംസ്ഥാന സര്‍ക്കാരിനെതിരേയും മുഖ്യമന്ത്രി മമതക്കെതിരേയും വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മമത സര്‍ക്കാരിന്റേത് അക്രമകാരികളെ പിന്തുണയ്ക്കുന്ന നയമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തുന്നു. മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശി ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശികള്‍ നുഴഞ്ഞുകയറി സംഘര്‍ഷമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികളെടുക്കും.