കൊച്ചി | തായ്വാന് ഇലക്ട്രോണിക്സ് നിര്‍മ്മാണ ഭീമനായ ഫോക്സ്കോണ്‍ ഗ്രേറ്റര്‍ വടക്കേ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ കേന്ദ്രം തുടങ്ങാനുള്ള നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച് നോയിഡയില്‍ 300 ഏക്കര്‍ ഭൂമിയാണ് പരിഗണിക്കുന്നത്.
ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.
യമുന എക്സ്പ്രസ് വേയോട് ചേര്‍ന്നുള്ള 300 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പദ്ധതി നടന്നാല്‍ ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫോക്സ്കോണിന്റെ യൂണിറ്റിനേക്കാള്‍ വലിയ നിര്‍മ്മാണ യൂണിറ്റായി ഇതുമാറും.
തന്ത്രപരമായ സ്ഥാനത്തുള്ള ഈ ഭൂമി യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഥഋകഉഅ) അധികാരപരിധിയിലാണ്. വരാനിരിക്കുന്ന ജെവാര്‍ വിമാനത്താവളം, ദേശീയ തലസ്ഥാന മേഖലയിലെ നിരവധി അതിവേഗ എക്സ്പ്രസ് വേകള്‍ തുടങ്ങിയവയെല്ലാം യോജിപ്പിക്കപ്പെടുന്നിടത്താണ് ഗ്രേറ്റര്‍ നോയിഡയിലെ 300 ഏക്കര്‍ ഫോക്സ്കോണ്‍ ആവശ്യപ്പെടുന്നത്.
അമേരിക്ക 10 ശതമാനം മുതല്‍ 50 ശതമാനം വരെയും ചൈനയ്ക്ക് 145 ശതമാനം വരെയും പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തിയതോടെ ഫോക്സ്കോണ്‍ പോലുള്ള കമ്പനികള്‍ ബദല്‍ ഉല്‍പ്പാദന ലക്ഷ്യസ്ഥാനങ്ങള്‍ തേടുകയാണ്. നിലവില്‍ യുഎസിലേക്കുള്ള കയറ്റുമതിയില്‍ 26 ശതമാനം താരിഫ് നേരിടുന്ന ഇന്ത്യ, ഇതോടെ വ്യാപരത്തിന്റെ കേന്ദ്രബിന്ദുവായി മാറുകയാണ്. തമിഴ്നാട്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ കമ്പനി ഇതിനകം തന്നെ നിര്‍മ്മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയിലേക്കുള്ള ആപ്പിള്‍ കമ്പനിയുടെ മാറ്റം അതിവേഗമുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. 22 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ ഇപ്പോള്‍ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഏകദേശം 20 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ് നടക്കുന്നത്. 2025 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 1.5 ട്രില്യണ്‍ രൂപ (17.4 ബില്യണ്‍ ഡോളര്‍) എത്തി. ഇത് ആഗോള ഇലക്ട്രോണിക്സ് വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം ശക്തിപ്പെടുത്തുന്നതായും ബിസിനസ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.