ന്യൂഡല്‍ഹി | ബ്ലൂ ഒറിജിനിന്റെ ചരിത്രപരമായ NS-31 ദൗത്യം, കാറ്റി പെറി ഉള്‍പ്പെടെയുള്ള വനിതാ ക്രൂ അംഗങ്ങളെ ഏകദേശം 11 മിനിറ്റ് നേരത്തേക്ക് ഉപഭ്രമണപഥ ബഹിരാകാശത്തെത്തിച്ചു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ബാഹ്യാകാശ അതിര്‍ത്തിയെ മറികടന്നതോടെ ബഹിരാകാശ പര്യവേഷണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി ഈ യാത്രമാറി.
തിങ്കളാഴ്ചയാണ് പൂര്‍ണ്ണമായും വനിതാ ക്രൂ അംഗങ്ങള്‍ മാത്രമുള്ള ചരിത്രപരമായ ഉപ-ഭ്രമണപഥ ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയത്. ആറ് അംഗ സംഘത്തില്‍ പോപ്പ് താരം കാറ്റി പെറിയും ഉള്‍പ്പെടുന്നു.
ഔദ്യോഗികമായി NS-31 എന്ന് നാമകരണം ചെയ്യപ്പെട്ട ദൗത്യം, കമ്പനിയുടെ 11-ാമത്തെ മനുഷ്യ ബഹിരാകാശ യാത്രയായിരുന്നു. ഏകദേശം 11 മിനിറ്റ് നീണ്ടുനിന്ന യാത്രയായിരുന്നു. ബ്ലൂ ഒറിജിന്‍ പറയുന്നതനുസരിച്ച്, റോക്കറ്റ് ഭൂമിയില്‍ നിന്ന് 60 മൈലിലധികം സഞ്ചരിച്ചിട്ടുണ്ട്. ബഹിരാകാശത്തിന്റെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിയായ കാര്‍മാന്‍ രേഖയെ അത് മറികടക്കുകയും ചെയ്തു.
ബ്ലൂ ഒറിജിന്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധുവായ യുഎസ് സംരംഭകയും ഹെലികോപ്റ്റര്‍ പൈലറ്റുമായ ലോറന്‍ സാഞ്ചസ്, ടെലിവിഷന്‍ അവതാരക ഗെയ്ല്‍ കിംഗ്, മുന്‍ നാസ റോക്കറ്റ് ശാസ്ത്രജ്ഞയായ ഐഷ ബോവ്, ബയോആസ്‌ട്രോനോട്ടിക്‌സ് ഗവേഷണ ശാസ്ത്രജ്ഞയും പൗരാവകാശ പ്രവര്‍ത്തകയുമായ അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മ്മാതാവ് കെറിയാന്‍ ഫ്‌ലിന്‍ എന്നിവരും ഫ്‌ലൈറ്റ് ക്രൂവില്‍ ഉള്‍പ്പെടുന്നു.