ന്യൂഡല്‍ഹി | സ്യൂട്ട്‌കേയ്‌സിനുള്ളിലാക്കിയ പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍റൂമിലെത്തിക്കാനുള്ള ആണ്‍സുഹൃത്തിന്റെ ശ്രമം കൈയോടെ പൊക്കി ഹോസ്റ്റല്‍ അധികൃതര്‍. ഹരിയാനയിലാണ് വിചിത്രമായ സംഭവം നടന്നത്. സോനിപത്തിലെ ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഒരു പെണ്‍കുട്ടിയെ സ്യൂട്‌കേസിലാക്കി ഉരുട്ടിക്കൊണ്ട് വന്നത്. എന്നാല്‍ ബമ്പില്‍തട്ടിയതോടെ ഉള്ളിലിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം പുറത്തുവന്നു. ഇതുശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളുടെ സാഹസം പൊളിഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ വെച്ചിരിക്കുന്ന സ്യൂട്ട്കെയ്സ് തുറക്കുന്നതും ഇതിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന പെണ്‍കുട്ടി പുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.