ന്യൂഡല്‍ഹി | മെറ്റാ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പിന് ഇന്ന് (ശനി) ആഗോളതലത്തില്‍ വന്‍ തകരാര്‍ നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും അമേരിക്കയിലും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ഉപയോക്താക്കളുടെ സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് വിവരം.
തത്സമയ ഔട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 ഏപ്രില്‍ 12 ന് വൈകുന്നേരം 5:30 ഓടെയാണ് (IST) ഉപയോക്താക്കള്‍ ആപ്പിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. പലരും ഇക്കാര്യം സോഷ്യല്‍മീഡിയായില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
പലര്‍ക്കും അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായതായും പരാതിയുണ്ട്. ഡെലിവര്‍ ചെയ്യാത്ത സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍മീഡിയായില്‍ വ്യാപകമായി പ്രചരിച്ചത്. തടസ്സത്തിന്റെ കാരണത്തെക്കുറിച്ച് വാട്ട്സ്ആപ്പില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.