കണ്ണൂര്‍ | അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ സിപിഎമ്മാണ് ദൈവമെന്നുമുള്ള വിചിത്രവാദവുമായി എംവി ജയരാജന്‍. ജനങ്ങളുടെ അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ സിപിഎമ്മാണ് അവര്‍ക്ക് ദൈവമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബിലെ മീറ്റ് ദ പ്രസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പ്രസ്താവന.
ശ്രീനാരായണ ഗുരുവിനെക്കാള്‍ വലിയൊരു മഹാന്‍ വേറെ പറയാന്‍ നമുക്കുണ്ടോ?. എന്നെ പറ്റി ഒരാളും ദൈവവുമായി പറയാന്‍ പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ദൈവമായി ചിത്രീകരിച്ചപ്പോള്‍ താന്‍ ഒരു സാധാരണ മനുഷ്യന്‍ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയരാജന്‍ ഓര്‍മ്മപ്പെടുത്തി.
പി. ജയരാജനെ ദൈവമാക്കി പുകഴ്ത്തി കണ്ണൂരിലെ ചിലയിടങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വച്ചതിനെയും എം.വി.ജയരാജന്‍ പരോക്ഷമായി വിമര്‍ശിച്ചു. വ്യക്തികളേക്കാള്‍ പ്രധാനം പാര്‍ട്ടിയാണ്.ഏത് നേതാവായാലും പാര്‍ട്ടിക്ക് വിലപ്പെട്ടതാണ്.എന്നാല്‍ എല്ലാത്തിലും വലുതാണ് പാര്‍ട്ടിയെന്നായിരുന്നു പ്രതികരണം.