കൊച്ചി | തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വഴിത്തിരിവിലേക്ക്. പോലീസ് അന്വേഷണത്തിനെതിരേ ഹൈക്കോടതിയും വാളെടുത്തതോടെ സര്‍ക്കാരും സിപിഎമ്മും വെട്ടിലായി. തൃശ്ശൂരില്‍ സുരേഷ്‌ഗോപി എം.പിയുടെ വിജയത്തിന് വരെ കാരണമായ കേസാണ് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ്. ഈ കേസ് സിബിഐയ്ക്ക് വിടണമെന്ന് തട്ടിപ്പിനിരയായവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ഇന്നലെ ഹൈക്കോടതിയും ഈ ചോദ്യം ഉന്നയിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്.
നാലു വര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തില്‍ കുറ്റപത്രം നല്‍കാത്ത പോലീസ് നടപടിയെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കേസ് സി.ബി.ഐയ്ക്കു കൈമാറേണ്ടി വരുമെന്നു ജസ്റ്റിസ് ഡി.കെ.സിങ് പരാമര്‍ശിച്ചത്.
”ആളുകളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്, എന്നിട്ടും നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണ്” – കോടതി ചോദിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും മൂന്നുമാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂവെന്നും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ബന്ധപ്പെട്ട രേഖകള്‍ ഇഡിയുടെ കൈയ്യിലാണെ്‌നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞതും തട്ടിപ്പിനിരയായവര്‍ക്ക് ആശ്വാസമായി.