ന്യൂഡല്‍ഹി | നാവികസേനയ്ക്കായി കരുത്തുകൂട്ടാന്‍ ഫ്രാന്‍സില്‍ നിന്നും റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനം. 64,000 കോടി രൂപയുടെ റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി അനുമതി നല്‍കി. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണോയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് വിവരം. പുതിയ റഫേല്‍ മറൈന്‍ ജെറ്റുകള്‍ക്ക് പറക്കുന്നതിനിടയില്‍ പരസ്പരം ഇന്ധനം നിറയ്ക്കാന്‍ സാധിക്കുന്നവയാണ്.
നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനം. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കണമെന്നായിരിക്കും വ്യവസ്ഥ. ഇതോടെ കാലഹരണപ്പെടുന്ന മിഗ്-29 കെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ക്രമേണ നിര്‍ത്തലാക്കും.