കൊച്ചി | വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മുന്‍ ആരോഗ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ പികെ ശ്രീമതി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെകൊണ്ട് മാപ്പുപറയിപ്പിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ തനിക്കെതിരേ നടത്തിയ വ്യാജപ്രചരണത്തില്‍ ബി. ഗോപാലകൃഷ്ണന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പി.കെ.ശ്രീമതി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയതിരുന്നു.
2018-ലാണ് പി.കെ. ശ്രീമതി മാനനഷ്ടക്കേസ് നല്‍കിയത്. തുടര്‍ന്നാണു കണ്ണൂര്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി ശ്രീമതിയുടെയും രണ്ടു സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. അന്നും ഗോപാലകൃഷ്ണന് തെളിവുകള്‍ ഹാജരാക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് കോടതിയില്‍ മാപ്പ് പറയാന്‍ ബിജെപി നേതാവ് തയാറായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പികെ ശ്രീമതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ കേസില്‍ ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞത്. തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂവെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്നും ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.