തിരുവനന്തപുരം | സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശന പ്രായം 6 വയസാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സെക്ഷന്‍ 13 (1) എ, ബി ക്ലോസുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ പരീക്ഷ നടത്തുകയും ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നതുമെല്ലാം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കാലങ്ങളായി കേരളീയ സമൂഹം കുട്ടികളെ അഞ്ചാം വയസിലാണ് ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നത്. അടുത്തകാലത്തായി ആറാം വയസ്സില്‍ സ്കൂളില്‍ ചേര്‍ക്കുന്ന അവസ്ഥയുമുണ്ട്. ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.