തിരുവനന്തപുരം | തിങ്കളാഴ്ച ചേരുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുമ്പോള്‍ കസേര കെ. സുരേന്ദ്രനു തന്നെയെന്ന് സൂചന. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നാളെ കേരളത്തിലെത്തുന്നത് തന്നെ ഇക്കാര്യത്തില്‍ ഒരു സമവായം ഉണ്ടാക്കാന്‍ കൂടിയാണ്. സംസ്ഥാന ബിജെപി നേതാക്കളിലെ പടലപ്പിണക്കത്തിനിടെ കസേര മാറ്റാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നാണ് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നതും.
ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു നടത്തുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രസിഡന്റാകുന്നയാളില് നിന്നു നാമനിര്‍ദേശപത്രിക വാങ്ങും. ഈ രീതിയിലൂടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്നത്. നിലവില്‍ കെ.സുരേന്ദ്രനെ മാറ്റി പുതിയ പ്രസിഡന്റിനെ അവരോധിക്കുന്നത് 2026 – ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെ ബാധിക്കുമോ എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക. പുതുതായി വരുന്ന നേതാവിന് പാര്‍ട്ടിക്കുള്ളില്‍ വേണ്ട സപ്പോര്‍ട്ട് ലഭിക്കാന്‍ കുറച്ചുസമയം വേണ്ടിവരും. മാത്രമല്ല നേതാക്കളുടെ പരസ്പരമുള്ള പാലം വലിയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതില്‍ തിരിച്ചടിയാകും. ഇത്തരം കാര്യങ്ങള്‍ വിലയിരുത്തിയാണ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുപ്പ് കഴിയും കെ. സുരേന്ദ്രനെ നിലനിര്‍ത്താന്‍ തീരുമാനമെടുക്കുന്നത്.
എന്നാല്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ കര്‍ശനമായ മറുതന്ത്രം മെനഞ്ഞിട്ടുണ്ടെങ്കില് വലിയ മാറ്റമാകും ഉണ്ടാകുക. ശോഭാ സുരേന്ദ്രനെ സംസ്ഥാനപ്രസിഡന്റായി നിയോഗിക്കുകയാണെങ്കില്‍ അത് പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ വ്യക്തമായ പദ്ധതി തന്നെയാകും. പരസ്പരമുള്ള പാലം വലി ഉപേക്ഷിക്കുക എന്ന കര്‍ശനമായ മുന്നറിയിപ്പ് തന്നെയാകും കെ. സുരേന്ദ്രനെ മാറ്റിയാല്‍ ഉണ്ടാകുന്നത്. നേതാക്കള്‍ കേന്ദ്രതീരുമാനത്തിന് പണിവയ്ക്കുന്ന നേതാക്കളുടെ ചീട്ടുകീറുമെന്ന സന്ദേശം തന്നെയാകുമത്. ശോഭാ സുരേന്ദ്രനു പുറമേ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, എം.ടി. രമേശ് എന്നിവരെയും സംസ്ഥാന പ്രസിഡന്റായി പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്.