
ഹണിട്രാപ്പില്‍ കര്‍ണ്ണാടകയിലെ നിരവധി രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹണി ട്രാപ്പ് ‘സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി’യായി കര്‍ണാടക മാറിയെന്നും മന്ത്രി കെ എന്‍ രാജണ്ണ. കര്‍ണ്ണാടക നിയമസഭയിലാണ് സഹകരണ വകുപ്പ് മന്ത്രി കെ എന്‍ രാജണ്ണ ഇക്കാര്യം പറഞ്ഞത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായ അന്വേഷണം നടത്തണമെന്നാണ് മന്ത്രി ആവശ്യമുന്നയിച്ചത്.
വിഷയം ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ദേശീയ പാര്‍ട്ടികളിലെ എംഎല്‍എ മാരും ഹണി ട്രാപ്പിന് ഇരകളാണ്. കേന്ദ്ര നേതാക്കളടക്കം 48 രാഷ്ട്രീയ പ്രവര്‍ത്തകരാണ് ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുള്ളത്. തനിക്കുനേരെയും ഹണിട്രാപ്പ് നടത്തി കുടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഹണി ട്രാപ്പ് ‘സിഡികളുടെയും പെന്‍ ഡ്രൈവുകളുടെയും ഫാക്ടറി’യായി കര്‍ണാടക മാറിയിരിക്കയാണ്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണം നടത്തണം – കെ എന്‍ രാജണ്ണ നിയമസഭയില്‍ പറഞ്ഞു.

ഒരു മന്ത്രിയെ കുടുക്കാന്‍ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് ഇന്നലെ മന്ത്രി സതീഷ് ജര്‍ക്കിഹോളി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മന്ത്രി രേവണ്ണയും രംഗത്തെത്തിയത്. വരുംദിവസങ്ങളില്‍ കര്‍ണ്ണാടകയെ പിടിച്ചുകുലുക്കുന്ന വിവാദമായി ഹണിട്രാപ്പ് കേസ് മാറുമെന്ന് ഉറപ്പാണ്. അന്വേഷണം കടുപ്പിച്ചാല്‍ വെട്ടിലാകുന്നത് രാഷ്ട്രീയ നേതാക്കള്‍ തന്നെയാകുമെന്നതാണ് കര്‍ണ്ണാടക സര്‍ക്കാരിനെ കുഴയ്ക്കുന്നത്.