ഛണ്ഡീഗട്ട് | പഞ്ചാബിലെ സംഗ്രൂരില്‍ കഷണിക്ക് മരുന്നുതേടിയെത്തിയവര്‍ക്ക് അപൂര്‍വ്വ നേത്രരോഗം പടര്‍ന്നുപിടിക്കുന്നു. മരുന്ന് കഴിച്ചവരുടെ കണ്ണുകളില്‍ അണുബാധ പടര്‍ന്നതോടെയാണ് ആശുപത്രികളിലേക്ക് രോഗികള്‍ നിറയുന്നത്. സംഗ്രൂരിലെ സിവില്‍ ആശുപത്രിയില്‍, കണ്ണില്‍ അണുബാധയേറ്റ 65 ഓളം രോഗികള്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കണ്ണുകളിലെ അസ്വസ്ഥത കാരണം ആളുകള്‍ സ്വകാര്യ ആശുപത്രികളിലേക്കും എത്തുന്നുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കാളി ദേവീ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലാണ് മുടി വളരാനുള്ള മരുന്ന് വിതരണം ചെയ്തത്. ഈ ക്യാമ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയായില്‍ പ്രചരണം വന്നതോടെയാണ് ധാരാളം പേര്‍ ഇവിടെ എത്തിയത്. ഒരു പ്രത്യേക മരുന്ന് കഷണ്ടി മാറ്റുമെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഈ മരുന്ന് വളരെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആളുകള്‍ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന് എത്തിയത്. ക്യാമ്പില്‍ നിന്നും നല്‍കിയ മരുന്ന് കഴിച്ചവര്‍ക്കാണ് കണ്ണിന് ഗുരുതരമായ അണുബാധയുണ്ടായത്. സംഭവം വിവാദമായതോടെ പോലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.
ക്യാമ്പ് എങ്ങനെ, ആരാണ് സംഘടിപ്പിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡിഎസ്പി സുനം സഞ്ജീവ് ഗോയല്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഗികള്‍ക്ക് ശരിയായ ചികിത്സ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഇത്തരം ക്യാമ്പുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.