ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മഹലില്‍ തിങ്കളാഴ്ച രാത്രി രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. മഹലിന് പിന്നാലെ രാത്രി വൈകിയും ഹന്‍സ്പുരിയിലും അക്രമം നടന്നു. അജ്ഞാതരായ ആളുകള്‍ കടകള്‍ നശിപ്പിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനിടയില്‍ ശക്തമായ കല്ലേറും ഉണ്ടായി. അക്രമത്തെ തുടര്‍ന്ന് പല പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഔറംഗസേബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കലാപത്തിന് പിന്നില്‍. ഇന്നലെ രാത്രി ഏഴരയോടെയാണ് അക്രമം പടര്‍ന്നത്.
നാഗ്പൂരിലെ മഹലിലാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസുകാരും ഇവരില്‍ ഉള്‍പ്പെടുന്നു. രോഷാകുലരായ ജനക്കൂട്ടം 25 ലധികം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. ഇന്നലെ രാത്രി 7.30 ന് മഹല്‍ പ്രദേശത്തെ ചിറ്റ്‌നിസ് പാര്‍ക്കിന് സമീപമാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപകാരികള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശമാണിതെന്ന് പോലീസ് പറഞ്ഞു. അക്രമികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ചിലരുടെ വീടുകള്‍ക്ക് നേരെയും കല്ലെറിഞ്ഞു. ഇതിനുശേഷം, പഴയ ഭണ്ഡാര റോഡിന് സമീപമുള്ള ഹന്‍സ്പുരി പ്രദേശത്ത് രാത്രി 10.30 നും 11.30 നും ഇടയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ ആള്‍ക്കൂട്ടം നിരവധി വാഹനങ്ങള്‍ കത്തിച്ചു.