കരമന | ഏവരും പൊങ്കാല തിരക്കിലായിരുന്നപ്പോള്‍ സന്തോഷ് ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു… 21 വര്‍ഷം മുമ്പ് കല്ല്യാണത്തിനു മൂത്ത സഹോദരി അണിയിച്ച സ്വര്‍ണ്ണമാല, അതും ഇതുവരെ കഴുത്തില്‍ നിന്ന് ഊരിയിട്ടില്ലാത്തത് നഷ്ടപ്പെട്ടു. വ്യാഴാഴ്ച കരമന ആറ്റില്‍ കുളിക്കുന്നതിനിടെയാണ് കരമന തെലുങ്ക് ചെട്ടിതെരുവില്‍ താമസിക്കുന്ന സന്തോഷിന്റെ നാലെമുക്കാല്‍ പവനുള്ള സ്വര്‍ണമാല കഴുത്തില്‍ നിന്ന് അപ്രത്യക്ഷമായത്. കൂട്ടുകാരന്‍ സന്ധ്യവരെ തെരഞ്ഞിട്ടും കിട്ടിയില്ല. ഇന്നലെ രാവിലെ അഞ്ചര മുതല്‍ സുഹൃത്തുക്കളായ അയ്യപ്പനും ബാബുവുമൊത്ത് ആറ്റുകടവിലെത്തി വീണ്ടും തെരച്ചില്‍ ആരംഭിച്ചു.
ഏഴു മണിയോടെ ആറ്റുകടവിലേക്ക് വരാമോയെന്ന് ചോദിച്ച് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്തിനെ വിളിച്ചു. ആ സമയം കൗണ്‍സിലര്‍ ആറ്റുകാലിലെ പണ്ടാര അടുപ്പില്‍ അഗ്നി പകരുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. മാല വീണ്ടെടുക്കാന്‍ സന്തോഷിനു മുങ്ങല്‍ വിദഗ്ധരുടെ സഹായം വേണം. സന്തോഷിന്റെ ഇടറിയ വാക്കുകള്‍ അജിത്തിനെയും സങ്കടപ്പെടുത്തി. എന്നാല്‍, ഫയര്‍ഫോഴ്‌സ് സംഘം മുഴുവന്‍ പൊങ്കാല തിരക്കിലാണ്. അതിനാല്‍ തന്നെ പൊങ്കാല കഴിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായില്ല. 1.15 ന് നിവേദ്യം കഴിഞ്ഞയുടനെ സ്‌കൂബാ സംഘം കരമന ആറ്റിലേക്ക് തിരിച്ചു.

സുഭാഷ്, സുജയന്‍, ജെ. അനു, ജെ. രതീഷ്, എസ്.പി അനു എന്നിവരുടെ ഒന്നര മണിക്കൂറിന്റെ ശ്രമത്തിനൊടുവില്‍ മാല മുങ്ങിയെടുത്തു. അതു അവര്‍ കഴുത്തില്‍ അണിയിച്ചുകൊടുത്തപ്പോള്‍ സന്തോഷിന്റെ കണ്ണുകളില്‍ നിന്നു നഷ്ടപ്പെട്ടപ്പോഴുണ്ടാതിനെക്കാള്‍ കണ്ണുനീര്‍ ഒഴുകി.
സന്തോഷപൂര്‍വ്വം സന്തോഷ് നല്‍കാന്‍ ശ്രമിച്ച ഉപഹാരങ്ങളൊന്നും കൈപ്പറ്റാതെയാണ് സ്വന്തം ജോലി നിറവേറ്റിയ സന്തോഷത്തോടെ സ്‌കൂബ സംഘം മടങ്ങിയത്.