തിരുവനന്തപുരം | അങ്കമാലി-ശബരി റെയില്‍പാത നെടുമങ്ങാട് വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂര്‍ പ്രകാശ് എം.പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച സബ്മിഷനില്‍ ആവശ്യപ്പെട്ടു. റെയില്‍വേ സൗകര്യമില്ലാത്ത അരലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നെടുമങ്ങാടും ഉള്‍പ്പെട്ടിട്ടുണ്ട്. ശബരി റെയിലിന്റെ മൂന്നാം ഘട്ടമായി പാത തിരുവനന്തപുരത്തേക്കു നീട്ടുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നതും നെടുമങ്ങാട് വഴിയാണ്. അറുപതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നെടുമങ്ങാട് ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രവുമാണ്.

എരുമേലിയില്‍ നിന്നും പത്തനംതിട്ട, കോന്നി പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വട്ടപ്പാറ, നെടുമങ്ങാട്, കഴക്കൂട്ടം, കാട്ടാക്കട വഴി വിഴിഞ്ഞത്തേക്ക് പാത നീട്ടണമെന്ന ആവശ്യം ശക്തമാണ്. വിഴിഞ്ഞം മുതല്‍ പുനലൂര്‍ വരെയുള്ള സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും പാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിന് അനുകൂല ഘടകമാണ്. വിഴിഞ്ഞം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കത്തിനു സഹായിക്കുന്നതോടൊപ്പം എം.സി റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും പാത ദീര്‍ഘിപ്പിക്കുന്നത് വഴി സാധിക്കും. മാത്രവുമല്ല നിലവില്‍ റെയില്‍വേ സൗകര്യമില്ലാത്ത നിരവധി പ്രദേശങ്ങള്‍ റെയില്‍ ശൃംഖലയുമായി ബന്ധപ്പെടുത്തുന്നതിനും ഇത് സഹായകരമാവും. ശബരി പാത റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിഴിഞ്ഞത്തേക്ക് നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാനവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മധ്യകേരളത്തിന്റെ കാര്‍ഷിക, വ്യാവസായിക വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന പാത സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സബ്മിഷനില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here