അന്തരീക്ഷത്തിലെ കാര്‍ബണിനെ ആഗിരണം ചെയ്യുന്നതില്‍ കടല്‍പുല്ലുകള്‍ അഥവാ സീഗ്രാസിനു പ്രത്യേക കഴിവാണ്. ലോകത്തെ ഏറ്റവും മികച്ച കാര്‍ബണ്‍ ആഗീകരണ പരിസ്ഥിതി സംവിധാനമായിട്ടുകൂടിയാണ് കടല്പുല്മേടുകളെ കാണുന്നത്.
ഒരു ചതുരശ്ര കിലോമീറ്റര്‍ വീസ്തീര്‍ണമുള്ള കടല്‍പുല്‍മേടുകള്‍ക്ക് വലിയ ഒരു കാട് ശേഖരിക്കുന്നതിന്റെ ഇരട്ടി കാര്‍ബണ്‍ ഡൈ ഓക്സൈഡ് 35 മടങ്ങ് വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം വിലമതിക്കപ്പെടാനാവത്ത കടല്പ്പുല്ലുമേടുകള് ലോകമെമ്പാടും കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി കടല്‍പ്പുല്ല് പ്രതിവര്‍ഷം 1 – 2 ശതമാനം എന്ന തോതില്‍ കുറയുന്നുവെന്നാണ് കണക്ക്. അതിനാല്‍ തന്നെ, ഏകദേശം അഞ്ചു ശതമാനം ജീവജാലങ്ങള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണ്.
സൗദി അറേബ്യയിലെ തുവാളിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും സംഘവും ചേര്‍ന്ന് 2025 ഫെബ്രുവരി 25നു നേച്ചര്‍ റിവ്യൂസ് എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച പഠനം കടല്‍പ്പുല്ല് നശിക്കുന്നതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. 2030 ആകുമ്പോഴേക്കും കടല്‍പ്പുല്ലിന്റെ 30 ശതമാനം സംരക്ഷിക്കപ്പെട്ടാല്‍ 750 ല്‍ അധികം മത്സ്യയിനങ്ങളെ സംരക്ഷിക്കാനും ദശലക്ഷക്കണക്കിനു ടണ്‍ കാര്‍ബന്‍ സംഭരിക്കാനും തീരദേശസമൂഹങ്ങളെ നിലനിര്‍ത്താനും കഴിയുമെന്ന് പഠനം പറയുന്നു.
സമുദ്രജീവികളെയും തീരപ്രദേശങ്ങളെയും സംരക്ഷിക്കുന്നതില്‍ കടല്പുല്ലുകള്ക്ക് പ്രധാന പങ്കുണ്ട്. ആഴം കുറഞ്ഞ തീരദേശ ജലാശയങ്ങളിലാണ് കടല്‍പുല്ലുകള്‍ വളരുന്നത്. മത്സ്യങ്ങള്‍, ആമകള്‍ തുടങ്ങിയവ ഇതിനിടയിലാണ് കളിച്ചു വളരുന്നത്. മത്സ്യലഭ്യതയില്‍ 20 ശതമാനത്തില്‍ അധികം സംഭാവന ചെയ്യുന്നത് ഇവയുടെ സാന്നിദ്ധ്യമാണ്. മണ്ണൊലിപ്പ്, കൊടുങ്കാറ്റ് എന്നിവയെ പ്രതിരോധിക്കുന്നതിലും ഇവയ്ക്ക് പ്രാധാന പങ്കുണ്ട്.
ഇന്ത്യയുടെ 11,098 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം ലോകത്തെ മൊത്തം തീരപ്രദേശത്തിന്റെ 0.25 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍, ലോകത്തിലെ തീരദേശ ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഇന്ത്യയുടെ തീരമേഖലയിലാണ് അധിവസിക്കുന്നത്. 16 ഇനത്തിലധികം കടല്‍പുല്ലുകളെ ഇന്ത്യലോടു ചേര്‍ന്നുള്ള കടലുകളില്‍ കാണാനാകും. 2022 ലെ ഒരു പഠനം പറയുന്നത് ഇന്ത്യയുടെ കടല്‍പ്പുല്ല് 516.59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതാണെന്നാണ്.