മിന്നലും ഭൂമിയുടെ വികിരണ വലയങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? കൗതുകകരമായ ബന്ധങ്ങള്‍ ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മിന്നലുകള്‍ ഭൂമിക്കു ചുറ്റുമുള്ള റേഡിയേഷന്‍ ബെല്‍റ്റുകളില്‍ നിന്ന് ഇലക്‌ട്രോണ്‍ (കണിക) മഴ പെയ്യാന്‍ കാരണമാകുമെന്ന പുതിയ പഠനം പുറത്തുവന്നു.

ദ്രവ്യത്തിന്റെ അടിസ്ഥാന നിര്‍മ്മാണ ഘടകങ്ങളാണ് പ്രോട്ടോണുകളും ഇലക്‌ട്രോണുകളും. ഇത്തരം ലക്ഷോപലക്ഷ കണക്കിനു ഊര്‍ജ്ജ കണികകള്‍ ഏതു സമയത്തും നമ്മുടെ തലയ്ക്കു മുകളില്‍ ചുറ്റിതിരിയുന്നുണ്ട്. അവ സാധാരണയായി ഭൂമിയില്‍ നിന്നു ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയാണ് നിലകൊള്ളുന്നത്.

ഭൂമിയെ വലയം ചെയ്യുന്ന ഉയര്‍ന്ന ഊര്‍ജ്ജ ഇലക്‌ട്രോണുകളുടെ ഡോനട്ട് ആകൃതിയിലുള്ള പ്രദേശമാണ് വാന്‍ അലന്‍ ബെല്‍റ്റ് എന്ന് അറിയപ്പെടുന്നത്. മിന്നല്‍ മൂലമുണ്ടാകുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ക്ക് ഇൗ ഇലക്‌ട്രോണുകളെ മഴയായി അന്തരീക്ഷത്തിലേക്ക് പെയ്തിറങ്ങിക്കാന്‍ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. 2024 ഒക്‌ടോബറില്‍ നേച്ചര്‍ കമ്മ്യുണിക്കേഷന്‍സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഭൂമിയില്‍ നിന്നു അകലത്തില്‍ സ്ഥിതി ചെയ്യുന്ന വാന്‍ അലന്‍ ബെല്‍റ്റ് ഒരേസമയം ഗുണവും ദോഷവും നമ്മുക്ക് സമ്മാനിക്കുന്നുണ്ട്. ഈ ഇലക്‌ട്രോണ്‍സുകള്‍ക്കെല്ലാം തന്നെ ഭൂമിയിലെ സാങ്കേതിക വിദ്യാകളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്. സാങ്കേതിക വിദ്യാകളെ നശിപ്പിക്കുമെങ്കിലും ഈ ഇലക്‌ട്രോണുകള്‍ ഭൂമിയിലെ ജീവജാലങ്ങളെ ബാധിക്കില്ല. കാരണം ഭൂമിയെ ചുറ്റപ്പെട്ടു നില്‍ക്കുന്ന അന്തരീക്ഷം നമ്മുക്ക് സുരക്ഷയൊരുക്കുന്നുണ്ട്.

ബഹിരാകാശത്തേക്ക് അയക്കുന്ന പല റോക്കറ്റുകളും വാന്‍ അലന്‍ ബെല്‍റ്റില്‍ എത്തുമ്പോള്‍ തകരുന്നത് ഇതിനു ഉദാഹരണമാണ്. 1958 ലാണ് അയോവ സര്‍വകലാശാലയിലെ പ്രൊ. ജെയിംസ് വാന്‍ അലനും സംഘവും വാന്‍ അലന്‍ ബെല്‍റ്റ് കണ്ടെത്തിയത്. സൂര്യനില്‍ നിന്ന് അതിശക്തമായ ചൂടിന്റെ തിര വരുന്ന സമയം, വാന്‍ അലന്‍ ബെല്‍റ്റിലുള്ള ഇലക്‌ട്രോണുകള്‍ അപ്രത്യക്ഷമാകും. അല്‍പ്പ സമയത്തിനുശേഷം തിരികെയെത്തുന്ന വിചിത്ര പ്രതിഭാസം 1960 ല്‍ ആദ്യമായി കണ്ടെത്തി. അന്നു മുതല്‍ ഇന്നുവരെ ഇതിനു മുന്നില്‍ നമ്മുടെ ശാസ്ത്രലോകം പകച്ചു നില്‍ക്കുകയാണ്.

ഇതിനെക്കുറിച്ച് പഠിക്കാന്‍ 2012ല്‍ നാസ റേഡിയേഷന്‍ ബെല്‍റ്റ് സ്‌ട്രോം പ്രോബ്‌സ് (ആര്‍.ബി.എസ്.പി) പേടകം അയച്ചു. ഇതു നിരവധി കണ്ടെത്തലുകള്‍ നടത്തി. വാന്‍ അലന്‍ ബെല്‍റ്റിനു മൂന്നു ഉപബെല്‍റ്റുകള്‍ ഉണ്ടെന്നു ഈ പേടകം കണ്ടെത്തി. ഈ ഇലക്‌ട്രോണുകള്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഉപരിതലത്തില്‍ മഴപോലെ പെയ്യാറുണ്ടെന്ന ഒരു നിഗമനം ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഉണ്ടായി. അക്കാര്യത്തില്‍ കൂടുതലറിയാന്‍ 2013നുശേഷം അറ്റാര്‍ട്ടിക്കയില്‍ നിന്നു നിരവധി ബലൂണുകള്‍ പറത്തി, ബാരല്‍ പരീക്ഷണത്തിലൂടെ എക്‌സ്‌റേ പഠനങ്ങള്‍ നടത്തി.

തുടര്‍ന്നാണ്, കാറ്റത്ത് കരിയിലകള്‍ ഒഴുകിപ്പോകുന്നതുപോലെ വാന്‍ അലന്‍ ബെല്‍റ്റിലുള്ള ഇലക്‌ട്രോണുകള്‍ പ്ലാസ്മാഫെറിക് ഹിസ് പ്രതിഭാസം കാരണം ഒഴുകിപോകുന്നുവെന്ന് കണ്ടെത്തിയത്. അതിനാല്‍ തന്നെ, ഭൂമിയോട് അടുക്കുമ്പോള്‍ ഊര്‍ജ്ജം കുറഞ്ഞുപോകുന്നതിനാല്‍ അന്തരീക്ഷത്തിലേക്ക് പതിക്കാന്‍ സാധിക്കുന്നില്ലത്രേ. മറ്റു കാരണങ്ങളുമുണ്ടാകാം.

രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൗരക്കാറ്റ് 2024 മെയ് മാസത്തില്‍ ഭൂമിയില്‍ ആഞ്ഞടിച്ചിരുന്നു. ദിവസങ്ങളോളം ഭൂമിയെ പിടിച്ചു കുലുക്കിയ ഈ പ്രശ്‌നത്തില്‍ ചില ജി.പി.എസ് ആശയവിനിമയങ്ങളും താല്‍ക്കാലികമായി തടസപ്പെട്ടു. യാദൃശ്ചികമായി പുനരുജ്ജീവിപ്പിച്ച ഒരു ചെറിയ നാസ് ഉപഗ്രഹം, ക്യൂബ്‌സാറ്റ്, ഭൂമിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന ഊര്‍ജ്ജ കണങ്ങളുടെ രണ്ടു പുതിയ താല്‍ക്കാലിക ബല്‍റ്റുകള്‍ സൃഷ്ടിക്കപ്പെട്ടത് കണ്ടെത്തി. ബഹിരാകാശ പേടകങ്ങള്‍ വിക്ഷേപിക്കുമ്പോഴടക്കം ഈ കണ്ടെത്തലുകള്‍ വളരെ പ്രധാനമാണ്.

ഇത്തരത്തില്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മിന്നല്‍ സൃഷ്ടിക്കുന്ന പ്രതിഭാസങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ആന്തരിക വികിരണ വലയത്തിലെ ഇലക്‌ട്രോണുകളെ അസ്വസ്ഥമാക്കി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നതിനുള്ള ഒരു മാര്‍ഗം യഥാര്‍ത്ഥത്തില്‍ അന്തരീക്ഷത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. ഇടിമിന്നല്‍ സമയത്ത് ആകാശത്തെ പ്രകാശിപ്പിക്കുന്ന വലിയ വൈദ്യുതകാന്തിക ഡിസ്ചാര്‍ജുകളായ മിന്നലിന് യഥാര്‍ത്ഥത്തില്‍ മിന്നല്‍ ജനറേറ്റഡ് വിസിലറുകള്‍ എന്നറിയപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ഈ തരംഗങ്ങള്‍ അന്തരീക്ഷത്തിലൂടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കാന്‍ കഴിയും. അവിടെ അവ ആന്തരിക വികിരണ വലയത്തിലെ ഇലക്‌ട്രോണുകളുമായി സംവദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here