ന്യൂഡല്‍ഹി | മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്ക് ഇവരെ നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മാധ്യമങ്ങളെ അറിയിച്ചു. തീരുമാനത്തില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് വിജ്ഞാപനമിറക്കേണ്ടത്.
കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക മുന്‍കൂട്ടി നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടു കത്ത് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സമിതി അംഗമായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നിയമന സമിതിയില്‍ അധിറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് അംഗങ്ങള്‍. കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാര്‍. പഞ്ചാബ് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണു സുഖ്ബിര്‍ സിങ് സന്ധു. ഇരുവരുടെയും നിയമനം പ്രാബല്യത്തില്‍ വരുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കളമൊരുങ്ങും.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, തിരഞ്ഞെടുപ്പു കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചത്.