സംസ്ഥാനം
അയല്‍വാസി കുടുംബത്തിലെ 3 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി | ചേന്ദമംഗലം പേരേപ്പാടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയല്‍വാസി വീട്ടില്‍ കയറി അടിച്ചുകൊലപ്പെടുത്തി. ഒരാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യം ചെയ്ത പ്രതി ഋതു ജയന് (28) പോലീസില്‍ കീഴടങ്ങി.
വാഴ്ത്തുപാട്ട് വേദിയിലിരുന്നു കേട്ടു, ഉദ്ഘാടനം നിര്‍വഹിച്ചു മടങ്ങി മുഖ്യമന്ത്രി | സെക്രട്ടേറിയറ്റിലെ നൂറോളം ജീവനക്കാര്‍ ചേര്‍ന്നു ആലപ്പിച്ച സ്തുതി ഗീതമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവേദിയിലേക്ക് സ്വീകരിച്ചത്. വേദിയിലുണ്ടായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി നടപടിയെ ന്യായീകരിക്കുകയും ചെയ്തു. ഇതോടെ സി.പി.എമ്മിലെ വ്യക്തിസ്തുതി ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ഗോപന് സ്വാമിയുടെ മരണകാരണം വ്യക്തമായില്ല | മക്കള്‍ സമാധിയിരുത്തിയ നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം പ്രാഥമിക പരിശോധനകളില്‍ വ്യക്തമായില്ല. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ വ്യക്തത ലഭിക്കൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കല്ലറയില്‍ നിന്നു പുറത്തെടുത്ത മൃതദേഹം അതേസ്ഥലത്ത് ഇന്ന് വീണ്ടും സമാതിയിരുത്തുമെന്ന് കുടുംബം അറിയിച്ചു.
17 വയസുകാരനെ 15 വയസുകാരന് അടിച്ചുകൊന്നു | തൃശൂര്‍ രാമവര്‍മപുരത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ 17 വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി അങ്കിത് ചുറ്റിക അടിയേറ്റു മരിച്ച സംഭവത്തില്‍ 15 വയസുകാരനെ വിയ്യൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ട് കുടുംബത്തിലെ നാലു പേര് മരിച്ചു | പാഞ്ഞാള്‍ പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് അഞ്ചിന് ശ്മശാനം കടവിലായിരുന്നു സംഭവം. ചെറുതുരുത്തി ഓടയ്ക്കല്‍ ഉമ്മറിന്റെ മകന് കബീര്‍ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സാറ (10), ഷാഹിനയുടെ സഹോദരിയുടെ മകന് ഫുവാദ് സനിന് (13) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ കാണാനെത്തിയതാണ് കുടുംബം.
ദേശീയം
എട്ടാം ശമ്പള കമ്മിഷന് ഉടന്‍ | അമ്പത് ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം കിട്ടുന്ന ശമ്പള പരിഷ്കരണത്തിനുള്ള എട്ടാം ശമ്പള കമ്മിഷന് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ത്ത് ഇന്ത്യ ലോകശക്തിയായി | ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തില്‍ നാഴികകല്ലായി ഭ്രമണപഥത്തിലെത്തിച്ച രണ്ടു ഉപഗ്രഹങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പൂര്‍ത്തിയാക്കി. സ്വന്തം ബഹിരാകാശ നിലയമെന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപകരിക്കും. റഷ്യ, അമേരിക്ക, ചൈന എന്നിവര്‍ക്കു പിന്നാലെ ഈ സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നാസയുടെ സഹായത്തോടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ഈ സാങ്കേതികവിദ്യ കൈവരിച്ചിട്ടുണ്ട്.
സെയ്ഫ് അലി ഖാനെ കുത്തി | മോഷ്ടാവ് വീടുനുള്ളില്‍ വച്ചു കുത്തി പരിക്കേല്‍പ്പിച്ച ബോളിവുഡ് താരം സെയ്ഫ് അലി ഖാന് (54) അപകടാവസ്ഥ തരണം ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ കയറി യുവാവ് കത്തിക്കൊണ്ട് ആറു തവണ കുത്തി. നട്ടെല്ലിനു സമീപത്തുണ്ടായിരുന്ന 2.5 ഇഞ്ച് നീളുമുള്ള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലുടെ നീക്കി.
വിദേശം
അദാനിയെ പൂട്ടാന്‍ നോക്കി, ഹിന്‍ഡന്‍ബര്‍ഗിനു താഴുവീണു | യു.എസിലെ ഷോര്‍ട്ട്സെല്ലര്‍ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു. അദാനി അടക്കമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷമാത്മക ഗവേഷണ റിപ്പോര്‍ട്ടുകളിലുടെ സ്ഥാപനം ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. സ്ഥാപകന്‍ നെയ്റ്റ് ആന്‍ഡേഴ്സനാണ് എക്സിലൂടെ പൂട്ടല്വിവരം പങ്കുവച്ചത്.