പുരാണങ്ങളും ഇതിഹാസങ്ങളും രൂപീകരണത്തിന്റെ തന്നെ ഭാഗമായ രാജ്യമാണ് ഇന്ത്യ .. അവിടെ സരസ്വതി നദിയുടെ അസ്തിത്വം എന്നും ഒരു ചോദ്യചിഹ്നമായിരുന്നു.
പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ സരസ്വതിനദി പ്രധാന വിഷയങ്ങളില്‍ ഒന്നാണ്. ഋഗ്വേദത്തില്‍ എണ്‍പതിലധികം തവണ ഈ നദി പരാമര്‍ശിക്കുന്നുണ്ട്. അയ്യായിരം വര്‍ഷം മുമ്പ് കാലാവസ്ഥയും ടെക്റ്റോണിക് വ്യതിയാനവും കാരണം നദി വറ്റിവരണ്ടതായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ചരിത്രകാരന്മാരുടെയും ഭൂമിശാസ്ത്രജ്ഞരുടെയും താല്പര്യം നൂറ്റാണ്ടുകളായി ഈ വിഷയത്തില്‍ പ്രകടവുമാണ്.
വര്‍ഷങ്ങളായി ഗ്രന്ഥങ്ങളില്‍ മാത്രം ജീവിക്കുന്ന നദിയെക്കുറിച്ച് എന്തിനാണ് പറയുന്നതെന്നല്ലെ. രാജസ്ഥാനിലെ ജയ്സസാല്മീറിലെ താരഗഢ് ഗ്രാമത്തിലെ ഒരു കര്ഷകന് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ 2024 ഡിസംബര്‍ 27 ശനിയാഴ്ച കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. മോഹന്ഗഡിലെ ചക്ക് 27 ബിഡിക്കു സമീപം 850 അടിയില്‍ ഡ്രില്ലിംഗ് നടക്കുകയായിരുന്നു. പെട്ടന്നാണ് വെളളവും വാതകവും വന്‍തോതില്‍ പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്. അതിശക്തമായ കുത്തൊഴുക്കില്‍ പാടങ്ങളില്‍ വെള്ളം കയറി. പെട്ടെന്ന് ഒരു വലിയ കുളം രൂപപ്പെട്ടുവെന്നൊക്കെ നമ്മള് പറയാറില്ലെ. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വയറലാകാന്‍ അധിക സമയം വേണ്ടി വന്നില്ല. രണ്ടു ദിവസത്തിനുശേഷം വെളളം പുറത്തേക്ക് ഒഴുകുന്നത് സ്വയം നിലച്ചു.
ഇതോടെയാണ്, സരസ്വതി നദിയുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. സരസ്വതി നദി വീണ്ടും കരകവിഞ്ഞൊഴുകുന്നതിന്റെ സൂചനയാണെന്നു പറഞ്ഞ് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനോട് യോജിക്കാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറല്ല. ആര്ട്ടിസിയാന് അവസ്ഥകള്‍ മൂലമുണ്ടായ ഒരു പ്രതിഭാസമാണ് വെള്ളം ഇത്തരത്തില്‍ ഒഴുകാനിടയായതെന്ന് ഒരുവിഭാഗം ഭൂഗര്‍ഭജല ശാസ്ത്രജ്ഞര്‍ പറയുന്നു. എന്താണ് ആര്ട്ടിസിയാന് കിണറെന്നല്ലേ ?
അത് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഭൂഗര്‍ഭജലം പമ്പുചെയ്യാതെ ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന ഒരു കിണറാണ് ആര്‍ട്ടിസിയന്‍ കിണര്‍. ഭൂമിയുടെ ഉപരിതലത്തിനു താഴെയുള്ള അവശിഷ്ടങ്ങളുടെ പാളികള്‍ക്കും മണ്ണിനും ഇടയില്‍ സമ്മര്‍ദ്ദത്തില്‍ സംഭരിച്ചിരിക്കുന്ന ജലത്തെയാണ് ആര്‍ട്ടിസിയന്‍ അക്വിഫര്‍ എന്നു വിശേഷിപ്പിക്കുന്നത്. ആട്ടിസിയന് ജലത്തിന് ഭൂഗര്‍ഭത്തില്‍ നിന്ന് സ്വയം മുകളിലേക്കു വരാന്‍ കഴിയുമെന്നതാണ് ഇതിനെ കുഴല്ക്കിണറുകളിലൂടെയോ കിണറുകളിലൂടെയോ ഒഴുകുന്ന വെള്ളത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതാകട്ടെ, ഭൂമിക്കടയില്‍ ഉയര്‍ന്ന മര്‍ദ്ദത്തിനു കാരണമാകുന്ന മോശമായ പ്രവേശനക്ഷമതയുള്ള പാറകളാല്‍ ചുറ്റപ്പെട്ടിരിക്കും. ഡ്രില്ലിംഗിലൂടെയോ മറ്റോ വിള്ളല്‍ ഉണ്ടാകുമ്പോള്‍, ആ ഭൂഗര്‍ഭ മര്‍ദ്ദം ജലത്തെ ഉപരിതലത്തിലേക്ക് തള്ളിവിടും.