സംസ്ഥാനം
തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് അവധി | `തിരുവനന്തപുരം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകള്‍ക്കു ഇന്നു പൊതു അവധി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സമാപനദിന മത്സരങ്ങള്‍ കാണാനാണ് അവധി. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും | തലശ്ശേരി റിജിത്ത് ശങ്കരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ.
കൃഷ്ണദാസിന് പരസ്യതാക്കീത് | പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ട്ടി ചര്‍ച്ചയാക്കിയ നീലപ്പെട്ടിയെ തള്ളിപ്പറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍. കൃഷ്ണദാസിനെ സി.പി.എം പരസ്യമായി താക്കീതു ചെയ്തു.
ഡിസിസി ട്രഷറുടെ ആത്മഹത്യയില്‍ മൊഴിയെടുത്തു | കോണ്‍ഗ്രസ് ഡി.സി.സി ട്രഷറായിരുന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും നേതാക്കള്‍ക്ക് അദ്ദേഹം എഴുതിയ കത്തുകളും ശാസ്ത്രീയപരിശോധനയ്ക്ക് വിയേയമാക്കാന് പ്രത്യേക അന്വേഷണ സംഘം. കുറിപ്പുകള്‍ വിജയന്റേതാണെന്നു ഉറപ്പാക്കിയാല്‍ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസ് അടക്കം വന്നേക്കും.
സംസ്ഥാനത്തു മുദ്രപത്രങ്ങള്‍ പൂര്‍ണ്ണമായി ഇ സ്റ്റാംപിലേക്ക് | ചെറിയ തുകയ്ക്കുള്ള മുദ്രപത്രങ്ങള്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായി വിറ്റുപോയി. ഇ സ്റ്റാംപിലേക്ക് സംസ്ഥാനം പൂര്‍ണ്ണായും മാറുകയാണ്. 1200 ഓളം വെന്‍ഡര്‍മാര്‍ ഇ സ്റ്റാംപിംഗ് സംവിധാനം നടപ്പാക്കിയെന്നു വെന്‍ഡര്‍മാരുടെ സംഘടന വ്യക്തമാക്കി.
അഖിലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി | കൊല്ലം പടപ്പക്കരയിലെ അമ്മയേയും മുത്തച്ഛനേയും കൊന്ന കേസിലെ പ്രതി അഖിലിനെ കുണ്ടറ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ കൊലപാതകം നടന്ന പടപ്പക്കരയിലെ വീട്ടിലും അമ്മയുടെ മൊബൈല്‍ ഫോണ്‍ വിറ്റ കൊട്ടിയത്തെ കടയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി പോലീസിന് വിവരിച്ചു നല്കി. 2024 ഓഗസ്റ്റിലാണ് അഖില്‍ അമ്മ പുഷ്പലതയെയും മുത്തച്ഛന് ആന്റണിയെയും കൊലപ്പെടുത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം മുകളിലൂടെ പറന്നു | കേരളത്തിന് മുകളിലൂടെ ഇന്നലെ രാത്രി 7.21 നും 7.28 നും ഇടയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്നു. നിരവധിപ്പേര്‍ നിലയം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്ന് പുലര്‍ച്ചെ 5.21 നും നാളെ പുലര്‍ച്ചെ 6.07 നും അന്താരാഷ്ട്ര ബഹിരാകാശ നിലയം വീണ്ടുമെത്തും.
അപു ജോണ്‍ ജോസഫ് ചീഫ് കോഡിനേറ്റര്‍ | കേരള കോണ്‍ഗ്രസ് സ്റ്റേറ്റ് ചീഫ് കോ-ഓര്‍ഡിനേറ്ററായി, പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫിനെ നിയമിച്ചു. പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്ത തസ്തികയിലേക്കാണ് നിയമനം.
ദേശീയം
അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നെറ്റ് ഒഴിവാക്കുന്നു | സര്‍വകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. 2018ലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതായി യു.ജി.സി അധ്യക്ഷന്‍ എം. ജഗദേഷ് കുമാര്‍ വ്യക്തമാക്കി.
ഡോ. വി. നാരായണന് സ്പേസ് കമ്മിഷന് ചെയര്മാന് | തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ ഡോ. വി. നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മിഷന് ചെയര്‍മാനുമായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ജനുവരി 14ന് ഡോ. എസ്. േസാമനാഥ് ഐ.എസ്.ആര്.ഒ ചെയര്മാന് സ്ഥാനത്തുനിന്ന് വിരമിക്കുമ്പോള്‍ ഡോ. വി. നാരായണന് തല്സ്ഥാനത്തെത്തുമെന്നാണ് സൂചന.
ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് | ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനു ഒറ്റഘട്ടമായി നടക്കും. എട്ടിനാണ് വോട്ടെണ്ണല്‍.
വാഹനല് പൊളിച്ചുമാറ്റുന്നതിനു ചട്ടം, ഏപ്രില്‍ ഒന്നിനു നിലവില്‍ വരും | കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ 180 ദിവസത്തിനുള്ളില്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ വാഹന ഉടമയും നിര്‍മ്മാതാക്കളും പാരിസ്ഥിതിക നഷ്ടപരിഹാരം നല്‍കേണ്ടിവരും. വാഹനല് പൊളിച്ചുമാറ്റുന്നതിനു കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ചട്ടം ഏപ്രില്‍ ഒന്നിനു നിലവില്‍ വരും.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ശിപാര്‍ശ ചെയ്തു | മലയാളിയായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. നിലവില്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിനോദ് ചന്ദ്രന്. ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് വിനോദ് ചന്ദ്രനെ നിയമിച്ച് ഉത്തരവിറങ്ങും.
സൈനിക സ്കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു | 2025-26 വര്‍ഷത്തില്‍ സൈനിക് സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചത്. ഓള് ഇന്ത്യ സൈനിക് സ്കൂള്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് പ്രവേശനം. സൈനിക സ്കൂളുകളില്‍ റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പഠനം.
വിദേശം
ടിബറ്റിലെ ഭൂകമ്പത്തില്‍ 126 മരണം | ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ 126 പേര് മരിച്ചു. ആയിരത്തില്‍ അധികം വീടുകള്‍ തകര്‍ന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എവറസ്റ്റ് കൊടുമുടിക്ക് 80 കിലോമീറ്റര്‍ വടക്കുമാറിയുള്ള ടിങ്കരി പ്രദേശത്താണ്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയില്‍ ബീഹാറിലും നേപ്പാളിലും ഭൂട്ടാനിലും അനുഭവപ്പെട്ടിരുന്നു.
കായികലോകം
കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു | കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം രാഹുല്‍ കെ.പി. ക്ലബ്ബ് വിട്ടു. കേരളാ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെയാണ് താരം ഒഡിഷ എഫ്.സിയില്‍ എത്തിയത്.