സംസ്ഥാനം

ക്രിസ്മസിനു ഒരു ഗഡു ക്ഷേമപെന്‍ഷന്‍ കിട്ടും | ക്രിസ്മസിനു മുന്നേ ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ക്ഷേമപെന്‍ഷന്‍ വാങ്ങിയ 6 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെഷന്‍ | അനധികൃതമായി സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയ കൃഷി വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ അനധികൃതമായി കൈപ്പറ്റിയ ക്ഷേമപെന്‍ഷന്‍ തുക 18 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 ഉദ്യോഗസ്ഥരാണ് 1600 രൂപ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുള്ളത്.

ആനക്കാര്യത്തില്‍ ഹൈക്കോടതിയെ തടഞ്ഞു സുപ്രീം കോടതി | ക്ഷേത്രോത്സവ സീസണ്‍ ആരംഭിച്ചിരിക്കെ, ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തെയുള്‍പ്പെടെ ബാധിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു. 2012 ലെ നാട്ടാന പരിപാലന ചട്ടങ്ങള്‍ പാലിച്ച് ദേവസ്വങ്ങള്‍ക്ക് തുടര്‍ന്നും ഉത്സവം നടത്താം. പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്ന അതോറിട്ടിയാവാന്‍ ഹൈക്കോടതിക്ക് കഴിയില്ല. ആനകള്‍ തമ്മിലുള്ള മൂന്നു മീറ്റര്‍ ദൂരം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതി | വൈദ്യുതി വാങ്ങാന്‍ പുതിയ കരാറുകള്‍ക്കുള്ള ടെന്‍ഡര്‍ വിളിക്കാന്‍ കെ.എസ്.ഇ.ബിക്ക്് അനുമതി. വില കൂടിയ, ന്യായീകരിക്കാനാവാത്ത കരാറുകളില്‍ ഏര്‍പ്പെടരുതെന്ന മുന്നറിയിപ്പോയെടാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കിയത്.

അനിയനെയും അമ്മാവനെയും വെടിവച്ചു കൊന്നത് തെളിഞ്ഞു | സ്വത്തു തര്‍ക്കത്തില്‍ കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയ കരിമ്പനാല്‍ ജോര്‍ജ് കുര്യന്‍ (പാപ്പന്‍ – 52) കുറ്റക്കാരനെന്ന് സെഷന്‍സ് ജഡ്ജി ജെ.നാസര്‍ കണ്ടെത്തി. സഹോദരന്‍ രഞ്ജു കുര്യന്‍ (50) , മാതൃ സഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലില്‍ രാജു-78) എന്നിവരെയാണ് കൊന്നത്. 2022 മാര്‍ച്ച് 7നായിരുന്നു സംഭവം. ശിക്ഷാ വിധിയില്‍ മേലുള്ള വാദം ഇന്ന് നടക്കും.

ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വില | മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്ക് 15 രൂപ അധിക പാല്‍വിലയും 200 രൂപ കാലിത്തീറ്റ സബ്‌സിഡിയും പ്രഖ്യാപിച്ചു. നവംബറില്‍ ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധികവില പ്രഖ്യാപിച്ചത്. യൂണിയന്റെ 38 ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.

ആറു വയസുകാരിയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതി ഹാജരാകണം | വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്തുദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

നടി മീന ഗണേഷ് അന്തരിച്ചു | ചലച്ചിത്ര നടി മീന ഗണേഷ് (81) ഇന്നലെ പുലര്‍ച്ചെ 1.20ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഷൊര്‍ണൂര്‍ ഭാരതപ്പുഴ ശാന്തിതീരത്ത് നടത്തി.

ദേശീയം

പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ വിലക്കി | അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ ഭരണ പ്രതിപക്ഷ എം.പിമാരുടെ കൈയ്യാങ്കളി. ഉന്തിലും തള്ളിലും ബി.ജെ.പി എം.പിമാരായ പ്രതാപ് ചന്ദ്രസാരംഗിക്കും മുകേഷ് രാജ്പുതിനും പരിക്കേറ്റു. രാഹുല്‍ തള്ളിയിട്ടതാണെന്നു ബി.ജെ.പിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്്ജുന്‍ ഖാര്‍ഗെയെ ബി.ജെ.പിക്കാര്‍ തള്ളിയിട്ടുവെന്ന് കോണ്‍ഗ്രസും പരാതി നല്‍കി. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്കാണ് മാര്‍ച്ച് ആരംഭിച്ചത്. ഇതേസമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്‌റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. സംഭവങ്ങള്‍ക്കു പിന്നാലെ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തി.

കേരള മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ ഏജന്റുമാര്‍ അറസ്റ്റില്‍ | കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയ സംഭവത്തില്‍, മാലിന്യം തമിഴ്‌നാട്ടില്‍ എത്തിച്ച തിരുനെല്‍വേലി സ്വദേശികളായ ഏജന്റുമാര്‍ അറസ്റ്റിലായി. തമിഴ്‌നാടിന്റെ സഹകരണത്തോടെ അംഗീകൃത പ്ലാന്റില്‍ മാലിന്യം എത്തിച്ച് സംസ്‌കരിക്കണമെന്നും മൂന്ന് ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശിച്ചു.

ഡോളറിനെതിരെ രൂപ കുതിക്കുന്നു | അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രം തിരുത്തിക്കൊണ്ട് 85.13 ലെത്തി.

വിദേശം

ഭര്‍ത്താവും പീഡിപ്പിച്ച 50 പേരും കുറ്റക്കാര്‍ | മരുന്നുകൊടുത്തു മയക്കിയക്കിടത്തി, ഒരു പതിറ്റാണ്ട് ഭര്‍ത്താവ് വിളിച്ചുവരുത്തിയവര്‍ ബാലാത്സംഗത്തിനിരയാക്കിയ ജീസെല്‍ പെലികോ നടത്തിയ നിയമപോരാട്ടം വിജയിച്ചു. പീഡിപ്പിച്ചവര്‍ ലജ്ജിക്കട്ടെയെന്ന് പ്രഖ്യാപിച്ചു നടത്തിയ പരസ്യപോരാട്ടത്തിനൊടുവില്‍ ഭര്‍ത്താവ് ഡൊമിനിക് പെലികോ(72)ക്ക് കോടതി 20 കൊല്ലം തടവുശിക്ഷ വിധിച്ചു. മറ്റു 50 പ്രതികളും കുറ്റക്കാരാണ്. ഫ്രാന്‍സിലെ മസാ ഗ്രാമത്തിലാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here