സംസ്ഥാനം
ഫ്‌ളക്‌സ് നീക്കുന്നതും സ്ഥാപിക്കുന്നതും തുടരുന്നു | ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുനിരത്തില്‍ നിന്ന് ഫ്‌ളകസ് നീക്കം ചെയ്യുന്നത് അധികൃതര്‍ തുടരുമ്പോള്‍ പലയിടങ്ങളിലും പുതിയതു പ്രത്യക്ഷപ്പെടുന്നുവെന്ന് പരാതി. ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കുമ്പോഴും നടപടി പൂര്‍ത്തിയായിട്ടില്ല.
ശബരിറെയില്‍ ആദ്യം ഒറ്റവരി പാതമാത്രം | അങ്കമാലി എരുമേലി ശബരിപാത ഇരട്ടപാതയായി നിര്‍മ്മിക്കാനുള്ള റെയില്‍വേ നിര്‍ദേശം കേരളം തള്ളി. പദ്ധതി ഒറ്റവരി പാതയായി നിര്‍മ്മിക്കാനും ഇരട്ടപ്പാത വേണമെന്ന നിര്‍ദേശം ഭാവിയില്‍ പരിഗണിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. ത്രികക്ഷി കരാറിലൂടെ പണം കണ്ടെത്താമെന്ന കേന്ദ്ര നിര്‍ദേശത്തോടും സംസ്ഥാനം യോജിക്കുന്നില്ല. കിഫ്ബിവഴി നിര്‍മ്മാണത്തിന്റെ പകുതി തുക കണ്ടെത്താനുള്ള മുന്‍തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം | സംസ്‌കൃത സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ കേരള സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. പോലീസ് നോക്കി നില്‍ക്കേ പരിപാടി നടന്ന സെനറ്റ് ഹാളിന്റെ വാതില്‍ പ്രവര്‍ത്തകര്‍ ചവിട്ടി തുറക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംഭവത്തിനു പിന്നാലെ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
നിരത്തില്‍ ജീവനെടുത്താല്‍ പിന്നെ പെര്‍മിറ്റുണ്ടാകില്ല | സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആറു മാസത്തേക്കും ഗുരുതര പരിക്കുണ്ടായാല്‍ മൂന്നു മാസത്തേക്കും പെര്‍മിറ്റ് റദ്ദാക്കുമെന്ന്‌സസ്‌പെന്റ് ചെയ്യുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല | ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി മാത്രമാണ് പങ്കെടുത്തു. സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് അറസ്റ്റ് | വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു മപര്‍ അറസ്റ്റില്‍. പിടികൂടാനുള്ള രണ്ടു പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയം
ഒരു രാജ്യം ഒറ്റതെരഞ്ഞെടുപ്പ് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു| പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ ലോക്‌സഭയിലും നിയമസഭയിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 2034 ല്‍ നടപ്പാക്കുംവിധമാണ് ബില്ലിലെ വ്യവസ്ഥകള്‍. 198 പേര്‍ എതിര്‍ത്തപ്പോര്‍ 269 പേര്‍ അനുകൂലിച്ചു. ബില്ല് പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. വിപ്പുണ്ടായിട്ടും 20 ബി.ജെ.പി അംഗങ്ങള്‍ സഭയില്‍ ഹാജരായില്ല.
വിശ്വസികളുടെ എണ്ണവും പള്ളികളുടെ നിയന്ത്രണവും പരിശോധിക്കാന്‍ കോടതി | കേരളത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളില്‍പ്പെട്ട വിശ്വാസികളുടെ എണ്ണമെത്ര, പള്ളികളുടെ നിയന്ത്രണം തുടങ്ങിയ വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
മന്ത്രിമാറ്റത്തില്‍ ചര്‍ച്ച സജീവമാക്കി എന്‍.സി.പി | എന്‍.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതില്‍ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു.
ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ പിഞ്ചു കുഞ്ഞിനെ വിറ്റു | റെയില്‍വേയുടെ ഇരുമ്പ് അവശിഷ്ടങ്ങള്‍ വിറ്റെന്ന കേസില്‍ പിടിയിലായ ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ ഒന്നരമാസം പ്രായമായ കുഞ്ഞിനെ വിറ്റ കേസില്‍ അമ്മ അടക്കം എട്ടുപേര്‍ അറസ്റ്റില്‍. കുഞ്ഞ് കസ്റ്റഡിയിലുണ്ടെന്നും വാങ്ങിയവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നും പോലീസ് പറഞ്ഞു.
നീറ്റ് പരീക്ഷ ഓണ്‍ലൈനായേക്കും | മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഓണ്‍ലൈനിലാക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ശ്രമം.