സംസ്ഥാനം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, ഇന്ന് ജനകീയ ഹര്‍ത്താല്‍ | കുട്ടമ്പുഴ ഉരുളന്‍ തണ്ണി വലിയ ക്ണാച്ചേരിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. രാത്രി എട്ടരയോടെ ജോലി കഴിഞ്ഞു വീട്ടിലേക്കുപോവുകയായിരുന്ന എല്‍ദോസ് വര്‍ഗീസി(45)ന്റെ ഛിന്നഭിന്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹം മാറ്റുന്നത് ജനങ്ങള്‍ സംഘടിച്ച് തടഞ്ഞു. രാത്രിയിലും പ്രദേശത്ത് തുടര്‍ന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഒടുവില്‍ കലക്ടര്‍ നേരിട്ടെത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ വിട്ടു നല്‍കിയത്. പ്രദേശത്ത് ഇന്ന് സുരക്ഷാ നടപടികള്‍ ഉയര്‍ത്തി തുടങ്ങും. പ്രദേശത്ത് ഇന്ന് ജനകീയ ഹര്‍ത്താന്‍ നടക്കുകയാണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ച ക്രൈംബ്രാഞ്ചും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും | കേരള സിലബസ് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന് ഓണ്‍ലൈന്‍ ട്യുഷന്‍ ചാനലുകളില്‍ പ്രത്യക്ഷപെട്ടത് ക്രൈം ബ്രാഞ്ചും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ്. ഷാനവാസ് ചെയര്‍മാനായ ആറംഗ സമിതി രൂപീകരിച്ചു.
ആംബലുന്‍സ് വിട്ടുകിട്ടിയില്ല, മൃതദേഹം ഓട്ടോയില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി | ആംബുലന്‍സ് ലഭിക്കാത്തത്തിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകുന്നേരം മരിച്ച വയനാട് എടവക പഞ്ചായത്തില്‍ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് തിങ്കളാഴ്്ച വൈകുന്നേരം നാലിന് പായയില്‍ പൊതിഞ്ഞ് ഓട്ടോയില്‍ കയറ്റി നാലു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആംബുലന്‍സ് എത്തുന്നതുവരെ കാ്ത്തിരുന്നശേഷമാണ് ബന്ധുക്കള്‍ ഓട്ടോയെ ആശ്രയിച്ചത്.
വാഹന പരിശോധന കര്‍ശനമാക്കി | ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസും മോട്ടോര്‍ വാഹന വകുപ്പും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വനിതാ വികസന കോര്‍പ്പറേഷന് അധിക ബാങ്ക് ഗ്യാരന്റി | സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്.
ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയില്‍ | ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കണ്ണൂരില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചു | കണ്ണൂരില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ദുബായില്‍ നിന്ന് എത്തിയ മറ്റൊരാള്‍ക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു.
സ്വിഗി തൊഴിലാളികള്‍ സമരം പിന്‍വലിച്ചു | വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സ്വിഗി ഭക്ഷണ വിതരണ തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്ക് ആദ്യ ദിനത്തില്‍ തന്നെ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് സമരം നടന്നത്.
ദേശീയം
ഒറ്റതെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍ | ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രണ്ടു ബില്ലുകള്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.
ലൈംഗിക കുറ്റവാളികളുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് ഹര്‍ജി | സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
പി മാധവന്‍ നമ്പൂതിരി അന്തരിച്ചു | കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവന്‍ നമ്പൂതിരി (73) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്. 45 കൊല്ലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. ദില്ലിയില്‍ താമസിച്ചുവരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
രാജ്യസഭയില്‍ കടുത്ത വാക്‌പോര് | ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്‌പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് കൊമ്പുകോര്‍ത്തത്്. കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലിന് സഭ സാക്ഷ്യം വഹിച്ചത്. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും ഖാര്‍ഗെ ആരോപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
വിദേശം
സിറിയയില്‍ പോരാട്ടം തുടരുമെന്ന് ബാഷര്‍ അല്‍ അസദ് | സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനു പിന്നാലെ സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
ചിഡോ ചുഴലി 220 കി.മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ചു | ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ നിന്ന് ഏകദേശം 8,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മയോട്ട ദ്വീപസമൂഹം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ ദരിദ്രരായ ആളുകള്‍ ജീവിക്കുന്നയിടമാണ്.
കായികലോകം
കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകനെ പുറത്താക്കി | ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ നിറംമങ്ങിയ പ്രകടനത്തെ തുടര്‍ന്ന് മുഖ്യപരിശീലകന്‍ മികായേല്‍ സ്റ്റാറെ, സഹപരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. പുതിയ പരിശീലകന്‍ വരുന്നതുവരെ ബ്‌ളാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ക്ക് സീനിയര്‍ ടീമിന്റെ താത്കാലിക ചുമതല നല്‍കി.