സംസ്ഥാനം

റോഡ് അപകടങ്ങളില്‍ ഉന്നതലയോഗം വിളിച്ചു | സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന്‍ പൊലിയുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ യോഗം ഇന്ന് | ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച ഉന്നതതലയോഗം തിങ്കളാഴ്ച നടക്കും.

പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി | അവധി അനുവദിക്കാത്തതിനെ തുടര്‍ന്ന് അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. എസ്.ഒ.ജി കമാന്‍ഡോയായിരുന്ന വയനാട് സ്വദേശി വിനീതാണ് (33) ആത്മഹത്യ ചെയ്തത്.

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം | ലത്തീന്‍ സമുദായാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സഭാ നേതൃത്വത്തിന്റെ ആഹ്വാനം. കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്കാ ദിനാചരണ വേദിയില്‍ വിവിധ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സഭാനേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കല്‍.

നാലര ലക്ഷത്തില്‍ അധികം ഭക്തര്‍ അധികമെത്തി | ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലര ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ദര്‍ശനത്തിനെത്തി. 22.7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്.

സ്മാര്‍ട്ട് സിറ്റിയിലെ സോളാര്‍ പാനല്‍ ടെന്ററില്‍ അഴിമതി | സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാര്‍ പാനല്‍ ടെന്ററില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് തുകയെക്കാള്‍ മുപ്പത് ശതമാനം കൂട്ടിയാണ് ടെന്റര്‍ നല്‍കിയതെന്ന് എം.വിന്‍സന്റ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ടെന്റര്‍ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനര്‍ട്ട് സിഇഒയുടെ വിശദീകരണം.

യാക്കോബായ പുരോഹിതരെ അനുവദിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ | തങ്ങളുടെ കൈവശമുള്ള സെമിത്തേരികളില്‍ വ്യത്യസ്ത ആചാരങ്ങള്‍ പിന്തുടരുന്ന യാക്കോബായ പുരോഹിതരെ ശ്രുശ്രൂഷ നടത്താന്‍ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ദേശീയം

വിഴിഞ്ഞത്ത് ലാഭവിഹിതം വേണം | വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കുമ്പോള്‍തന്നെ വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രം നല്‍കു്‌ന 817.80 കോടി രൂപ തിരികെ നല്‍കണമെന്ന് വ്യവസ്ഥ വ്യക്തമാക്കിയിരുന്നുവെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. 2034 മുതല്‍ വരുമാനവിഹിതത്തിന്റെ 20 ശതമാനം പങ്കുവയ്ക്കണമെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു | ലോകപ്രശസ്ത തബല വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നതിനിടെയാണ് അന്ത്യം. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതി ജഡ്ജിയെ കൊളീജിയം വിളിച്ചു വരുത്തി | അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. ഏകീകൃതസിവില്‍ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവില്‍ കോഡ് ,ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്.

മഹാരാഷ്ട്ര ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചു | 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. നാഗ്പുര്‍ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ഡല്‍ഹി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആംആദ്മി പൂര്‍ത്തിയാക്കി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്കിടെ, സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി ആംആദ്മി പാര്‍ട്ടി. നാലാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ കണ്‍വീനറും, മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ തന്റെ തട്ടകമായ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും.

കായിക ലോകം

ടി20 യില്‍ ഇന്ത്യയ്ക്ക് ജയം | വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 49 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് | ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി 152 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 101 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റേയും കരുത്തില്‍ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 405 ന് 7 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 5 വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here