സംസ്ഥാനം
മൂടിക്കെട്ടിയ കാലാവസ്ഥ | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മരണങ്ങള്‍ ഏഴു കടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ്.
18നു ശേഷം പരസ്യബോര്‍ഡുകള്‍ കാണരുത് | ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ആരുടെയും പരസ്യങ്ങളുണ്ടാകരുതെന്ന് തദ്ദേശ സെക്രട്ടറിമാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. കണ്ടാല്‍ ബോര്‍ഡ് ഒന്നിന് സെക്രട്ടറിമാരില്‍ നിന്നു 5000 രൂപ വീതം പിഴയീടാക്കും.
132 കോടി ചോദിച്ച് വ്യോമസേന | 2006 മുതല്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ചതിന്റെ ചെലവ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് വ്യോമസേന. 2018 ലെ പ്രളയകാലത്ത് കേരളം വ്യോമസേനയുടെ സഹായം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. 104.2 കോടി രൂപ ബില്ലും കിട്ടിയിരുന്നു. 2019 ലെ പ്രളയത്തില്‍ 2.15 കോടി രൂപ ചെലവു വന്നു. മുണ്ടക്കൈയിലെ 13.65 കോടി രൂപ ചെലവ് അടക്കം 132 കോടി നല്‍കണമെന്നാണ് വ്യോമസേനയുടെ ആവശ്യം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം തുടങ്ങി | ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ചോദ്യപേപ്പറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരില്‍ ആര്‍ക്കെങ്കിലും യൂട്യൂബ് ചാനലുകളുമായോ ട്യൂഷന്‍ ആപ്പുകളുമായോ ബന്ധമുണ്ടോയെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.
വസ്ത്രം നോക്കി സ്ത്രീയെ വിലയിരുത്തരുത് | വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു | കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.
ഐഎഫ്എഫ്‌കെ തുടങ്ങി | 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരത്ത് ഇനി സിനിമയുടെ രാപ്പകലുകള്‍. ഡിസംബര്‍ 20 വരെയാണ് ചലച്ചിത്രമേള. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക.
കെ.എസ്.ഇ.ബിയിലെ 306 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും | കെ.എസ്.ഇ.ബിയില്‍ വിവിധ തസ്തികകളിലായി 306 ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ ഫുള്‍ ടൈം ഡയറക്ടര്‍മാരുടെ യോഗം തീരുമാനിച്ചു.
ദേശീയം
നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി | ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ഇന്നലെ ജയില്‍ മോചിതനായില്ല. കോടതി ഉത്തരവ് എത്താന്‍ വൈകിയതോടെ ഇന്നു രാവിലെയോടെയാണ് അദ്ദേഹത്തിന് പുറത്തിറങ്ങാനായത്. പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതിയാണ് ഇടക്കാലജാമ്യം നല്‍കിയത്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതായിരുന്നു.
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റാക്കറ്റ് പിടിയില്‍ | വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹി പോലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ യാത്രക്കാരും. ഇവരില്‍ 13 പേര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
ഗുകേഷിന് 5 കോടി പ്രഖ്യാപിച്ച് തമിഴ്‌നാട് | ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന്‍ ദൊമ്മരാജു ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു.
വിദേശം
ട്രംപിന്റെ നാടുകടത്തലില്‍ ഭീഷണിയില്‍ 17,940 ഇന്ത്യക്കാര്‍ | ജനുവരിയില്‍ അധികാരമേറ്റാലുടന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യം വഹിക്കുമെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഭീഷണി 17,940 ഇന്ത്യക്കാരെ ബാധിക്കും.