സംസ്ഥാനം
കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നുമുതല്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തൃക്കാര്‍ത്തിക | ലക്ഷമിപ്രതീക്ക് വീടും പരിസരവും ദീപങ്ങളാല്‍ അലങ്കരിക്കുന്ന തൃക്കാര്‍ത്തിക നാളെ.
സ്ത്രീക്കു മാത്രമല്ല, പുരുഷനും അഭിമാനമുണ്ടെന്ന് ഹൈക്കോടതി | ലൈംഗിക അതിക്രമം കാട്ടിയെന്നതടക്കം നടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റ ചെയ്ത കേസില്‍ നടന്‍ ബാലചന്ദ്രമേനോന് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീക്കു മാത്രമല്ല, പുരുഷനും അന്തസ്സും അഭിമാനവുമുണ്ടെന്നു എല്ലാവരും ഓര്‍ക്കണമെന്നു കോടതി പറഞ്ഞു. വ്യാജ സ്ത്രീപീഡനക്കേസ് തള്ളി സുപ്രീം കോടതിയും ഇന്നലെ രംഗത്തെത്തി. സ്ത്രീ പീഡനത്തിനെതിരായ നിയമം ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പ്രതികാരത്തിന് ദുരപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഫ്‌ളക്‌സും കൊടിയും നീക്കിയില്ലെങ്കില്‍ സെക്രട്ടറിമാര്‍ ഉത്തരവാദിയെന്ന് മുന്നറിയിപ്പ് | രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ബോര്‍ഡുകളും ഫ്‌ളെക്‌സുകളും കൊടികളും നീക്കം ചെയ്യാന്‍ തദ്ദേശസെക്രട്ടിമാര്‍ക്കു ഭയമെങ്കില്‍ രാജിവച്ചുപോകണമെന്ന് ഹൈക്കോടതി. നടപടിയെടുത്തില്ലെങ്കില്‍ സെക്രട്ടറിമാരെ വ്യക്തിപരമായി ഉത്തരവാദികളാക്കുമെന്ന്് ഹൈക്കോടതി മുന്നറിയിപ്പു നല്‍കി. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെയും വിമര്‍ശിച്ചു. എത്ര ബോര്‍ഡുകള്‍ നീക്കം ചെയ്‌തെന്ന കണക്കുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം തേടിയതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്തതിന്റെ കണക്കുകള്‍ പ്രത്യേകം വേണമെന്നും എത്ര രൂപ പിഴ ഈടാക്കിയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണ തസ്തികള്‍ ഇല്ലാതാകും | സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണ തസ്തികകള്‍ നിര്‍ത്തലാക്കാനും ജോലികള്‍ പുറം കരാര്‍ നല്‍കാനുമുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ജീവനക്കാരില്ലാത്ത സ്ഥലങ്ങളില്‍ കുടുംബശ്രീയെ പരിഗണിക്കാം. നിലവില്‍ എംപ്ലോയിമെന്റിനെ ആശ്രയിച്ചിരുന്നതിനു പകരം പുറംകരാര്‍ നല്‍കും.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നേറ്റം | സംസ്ഥാനത്ത് 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. 17 സീറ്റുകളില്‍ ജയിച്ചു. എല്‍.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നിടത്തും ജയം. എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതി. സീറ്റുകള്‍ നഷ്ടമായതോടെ മൂന്ന് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. അവ യുഡിഎഫ് നേടും.
മുല്ലപ്പെരിയാര്‍ അറ്റകൂറ്റപണിക്ക് അനുമതി | മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകൂറ്റപ്പണിക്ക് തമിഴ്‌നാടിന് കേരളം അനുമതി നല്‍കി.
സ്റ്റാലിന്‍ പിണറായി കൂടിക്കാഴ്ച ഇന്ന് കുമരകത്ത് | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് കുമരകത്ത്. കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
സമസ്ത യോഗത്തില്‍ നിന്നു പ്രസിഡന്റ് ഇറങ്ങിപ്പോയി | സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലയിലെ വിഭാഗീയത ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രിി മുത്തുകോടയ തങ്ങള്‍ ഇറങ്ങിപ്പോയി.
സ്‌കൂള്‍ കലോത്സവ വേദികള്‍ക്ക് നദിയുടെ പേരുകള്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ക്ക് ഇക്കുറി കേരളത്തിലെ നദികളുടെ പേര് നല്‍കും. സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരുടെ പേര് കലോത്സവ വേദികള്‍ക്കു നല്‍കുന്നതായിരുന്നു പതിവ്.
നാളെ മുതല്‍ സിനിമാ പൂരം | 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരം നിശാഗന്ധിയില്‍ തിരശീല ഉയരും. മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 13,000 ഡെലിഗേറ്റുകള്‍ക്ക് തലസ്ഥാനം ആതിഥ്യമരുളും.
തൊഴിലുറപ്പു പദ്ധതി പരാതികള്‍ ആപ്പിലൂടെ അറിയിക്കാം | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി നടപ്പാക്കുന്ന ജോലികളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു ജന്‍മനരേഖ ആപ്പിലുടെ പരാതിപ്പെടാം. പദ്ധതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ആപ്പാണ് ഇത്.
പഴയങ്ങാടിയില്‍ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടി | മാടായി കോളജിലെ ബന്ധുനിയമന വിവാദത്തെച്ചൊല്ലി കണ്ണൂര്‍ പഴയങ്ങാടിയില്‍ എം.കെ രാഘവന്‍ എംപി അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. രാഘവന്‍ അനുകൂലികളുടെ പ്രകടനം ഒരു വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. എംപിക്കെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രകടനം തടഞ്ഞത്.
ദേശീയം
കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ | ക്രിസ്മസ് – പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. നാട്ടിലെത്താന്‍ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സഹായകരമാകും. മുബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിന്‍ പ്രഖ്യാപിച്ചത്.
പിഎഫ് എടിഎം വഴി പിന്‍വലിക്കാന്‍ സംവിധാനം | പി.എഫില്‍ നിന്നും പണം എടിഎം വഴി പിന്‍വലിക്കാനുള്ള സംവിധാനം അടുത്ത വര്‍ഷം നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.
വിദേശം
വൊറോനെഷ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ | റഷ്യയുടെ മുന്‍കൂര്‍ മുന്നറിയിപ്പ് റഡാര്‍ സംവിധാനം വൊറോനെഷ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. റഷ്യയുടെ റഡാര്‍ സംവിധാനം സ്വന്തമാക്കാന്‍ 4 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവിടുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫേസ്ബുക്കും ഇന്റ്‌റയും വാട്‌സാപ്പും പണിമുടക്കി | സാമൂഹിക മാധ്യമ ആപ്ലിക്കേഷനുകളായ മെറ്റയുടെ വാട്സാപ്പും ഫേസ്ബുകും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ലോകവ്യാപകമായി പണിമുടക്കി. അതേസമയം വിഷയത്തില്‍ മെറ്റ ഇതുവരെ ഔദ്യോഗികപ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാവേറാക്രമണത്തില്‍ താലിബാന്‍ മന്ത്രി കൊല്ലപ്പെട്ടു | അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ താലിബാന്‍ മന്ത്രിയടക്കം കൊല്ലപ്പെട്ടു. ബുധനാഴ്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കായികലോകം
അടുത്ത മത്സരം (ഇന്ന്) നിര്‍ണ്ണായകം | ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ 13-ാം റൗണ്ട് മത്സരം സമനിലയില്‍. അഞ്ചു മണിക്കൂര്‍ നീണ്ട നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്.