സംസ്ഥാനം
മഴയ്ക്ക് സാധ്യത | സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. 11ന് ശക്തമായ മഴയും പ്രവചിച്ചിട്ടുണ്ട്.
മുല്ലപൂവിന് വില 4500/- | തമിഴ്‌നാട്ടില്‍ മുല്ലപ്പൂവിന് തീവില. മഴയില്‍ കൃഷി നശിച്ചതും വിവാഹ സീസണായതും കാരണമാണ് വില കിലോയ്ക്ക് 4500 രൂപയിലേക്ക് ഉയര്‍ന്നത്.
നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍ | നന്ദിയോട് ഇളവട്ടത്ത് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇന്ദുജയുടെ ഭര്‍ത്താവ് കുറുപുഴ ഇളവട്ടം എല്‍.പി സ്‌കൂളിനു സമീപം ശാലു ഭവനില്‍ അഭിജിത്ത് ദേവന്‍ (നന്ദു, 25), സുഹൃത്തായ പെരിങ്ങമ്മല എ.ടി കോട്ടേജില്‍ അജാസ് (26) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റുചെയ്തത്. അഭിജിത്തിനെതിരെ ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കല്‍, ഗാര്‍ഹികപീഡനം എന്നീ വകുപ്പുകളും അജാസിനെതിരെ പട്ടികജാതി പീഡനം, മര്‍ദ്ദനം, ആത്മഹത്യ പ്രേരണ വകുപ്പുകളും ചുമത്തി. മൂവരും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്.
ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശ്രേഷ്ഠ കാതോലിക്കയാവും | പുതുമല തിരുമേനിയുടെ നാലാം തലമുറക്കാരനും യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സഭയുടെ അടുത്ത ശ്രേഷ്ഠ കാതോലിക്കയാകും.
വൈദ്യുതി കരാറുകളില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല | കേരള വൈദ്യുത ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നതെന്നും എന്നാല്‍ കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു | മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ച്, ധരിച്ചിരുന്ന ചാര നിറത്തിലുള്ള അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്‌ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലുള്ള ഈ വിവരം എഫ്.ഐ.ആറിലും ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്ുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇല്ല. വെറും 0.5 സെന്റീമീറ്റര്‍ വ്യാസമുള്ള പ്ലാസ്റ്റിക് കയറര്‍ കഴുത്തില്‍ക്കെട്ടിയാണ് ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ സമവായത്തിന് വഴിതുറക്കുന്നു | തര്‍ക്കമുള്ള പള്ളികളില്‍ ആരാധനാ സൗകര്യം പങ്കിടാമെന്ന നിര്‍ദേശവുമായി യാക്കോബായ സഭ മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് രംഗത്ത്. പൊതുയോഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭരണവും മറ്റുള്ളവര്‍ക്ക് ആരാധനാ സൗകര്യവും നല്‍കാമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. ചര്‍ച്ചകളിലൂടെ ശാശ്വതവും സമാധാനപൂര്‍ണവുമായ പരിഹാരങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍. പ്രശാന്തിന് കുറ്റാരോപണ മെമ്മോ | അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനില്‍ തുടരുന്ന മുന്‍ സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിന് കുറ്റാരോപണ മെമ്മോ നല്‍കി സര്‍ക്കാര്‍.
ദേശീയം
കര്‍ഷക മാര്‍ച്ചിനുനേരെ കണ്ണീര്‍വാതകം | ഡല്‍ഹിയിലേക്കുള്ള കര്‍ഷക കാല്‍നട മാര്‍ച്ച് പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തടഞ്ഞതിനെ തുടര്‍ന്ന് മൂന്നരമണിക്കൂറോളം നീണ്ട സംഘര്‍ഷം. ജലപീരങ്കി, കണ്ണീര്‍വാതക പ്രയോഗങ്ങളില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റതോടെ ഇന്നലത്തെ യാത്ര താല്‍ക്കാലികമായി നിര്‍ത്തി.
ആര്‍ത്തവ ശുചിത്വനയത്തില്‍ കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശം | സ്‌കൂള്‍കുട്ടികള്‍ക്കായുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ രണ്ടാം തീയതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയത്തിന് അംഗീകാരം നല്‍കിയത്.
വിദേശം
അസദ് വീണു, സിറിയയില്‍ വിമത അട്ടിമറി | സിറിയയില്‍ ഭരണഅട്ടിമറി. ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം സംഘടന നേതൃത്വം നല്‍കുന്ന വിമര സഖ്യം ഡമാസ്‌കസ് കീഴടക്കിയതോടെ 24 വര്‍ഷം സിറിയ അടക്കിവാണ ബഷാര്‍ അല്‍ അസദ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചു.
യുക്രൈനില്‍ യുദ്ധം നിര്‍ത്താന്‍ കരാറിന് വഴി തെളിയുന്നു | റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈന്‍ കരാറിലൊപ്പിടാന്‍ തയാറാണെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാരീസില്‍ നടന്ന യുദ്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുശേഷമാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ ഇക്കാര്യം കുറിച്ചത്.
കായികലോകം
ഗുകേഷ് മുന്നില്‍ | ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ 11 -ാം ഗെയിമില്‍ നിര്‍ണ്ണായക ജയവുമായി ഇന്ത്യയുടെ ചാലഞ്ചര്‍ ഡി. ഗുകേഷ് മുന്നില്‍. 14 ഗെയിമുകളുടെ ഫൈനലില്‍ ഗുകേഷ് 6-5ന് മുന്നിലെത്തി.
ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന് | അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ബംഗ്ലാദേശിന്. ഫൈനലില്‍ ഇന്ത്യയെ 59 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 32.2 ഓവറില്‍ 139 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഓസ്‌ട്രേലിയന്‍ വനിതാ ടീമിന് രണ്ടാം ജയം | ഇന്ത്യക്കെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിലും ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് വനിതകള്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ രണ്ട് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടിയപ്പോള്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 44.5 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.