സംസ്ഥാനം
അതിതീവ്ര മഴയ്ക്ക് സാധ്യത | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാലു ദിവസം അതിതീവ്ര മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
5 ജില്ലകളില്‍ അവധി | മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു.
കലാമണ്ഡലം ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി | സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അധ്യാപകരടക്കം 134 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കി.
വാട്ടര്‍ കണക്ഷന് നല്‍കാത്തതിന് കാരണം പറഞ്ഞില്ല, പിഴ | വാട്ടര്‍ കണക്ഷന് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ കഴിയാത്ത വാട്ടര്‍ അതോറിട്ടിയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പിഴയും അച്ചടക്ക നടപടിയും നിദേശിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്.
മംഗലപുരത്ത് ഏരിയാ സെക്രട്ടറി പാര്‍ട്ടി വിട്ടു | തിരുവനന്തപുരത്തെ ഏരിയാ സമ്മേളനങ്ങളില്‍ വീണ്ടും പൊട്ടിത്തെറി. മംഗലപുരം ഏരിയാ സമ്മേളനത്തില്‍ നിന്നു ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി. ജോയിയോട് പ്രതിഷേധിച്ചാണ് നടപടി. സി.പി.എം ബന്ധം അവസാനിപ്പിക്കുന്നതായും മധു പ്രഖ്യാപിച്ചിട്ടുണ്ട്.
കള്ള വാര്‍ത്ത കൊടുത്താല്‍ ഓഫീസിലേക്കു വന്നു ചോദിക്കും | കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്റെ ഓഫീസിലേക്ക് നേരെ വന്ന് ചോദിക്കുമെന്നും അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിക്സിന്റെ ഒരു അംശം പോലുമില്ലെന്നും നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്നും മാധ്യമങ്ങളോട് അദ്ദേഹം തുറന്നടിച്ചു.
ദേശീയം
കര്‍ഷകര്‍ വീണ്ടും ഡല്‍ഹിക്ക് | മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചാബിലെ കര്‍ഷകര്‍ വീണ്ടും ഡല്‍ഹി സമരത്തിന്. ആറിന് ഡല്‍ഹിയിലേക്കുള്ള കാല്‍നട സമരജാഥ ആരംഭിക്കും.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് | തമിഴനാട്ടില്‍ ഇന്നു മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കനത്ത മഴക്ക് പിന്നാലെ തമിഴ്നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. അണ്ണാമലയാര്‍ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ഫയ്ഞ്ചല് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പുതുശ്ശേരിയില്‍ നാലു മരണം. ശ്രീലങ്കയില്‍ 16 പേരും മരിച്ചതായി റിപ്പോര്‍ട്ട്.
മാവോയിസ്റ്റുകളെ വധിച്ചു | തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് വനമേഖലയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒരാഴ്ച മുന്‍പ് പോലീസിന് വിവരം നല്കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്രയില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടു | സംസ്ഥാന വഖഫ് ബോര്‍ഡ് ആന്ധ്ര സര്‍ക്കാര്‍ പിരിച്ചു വിട്ടു. പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വഖഫ് ബോര്‍ഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ നടപടി. നിലവിലെ ബോര്‍ഡ് മെമ്പര്‍മാരുടെ നിയമനം അസാധുവാക്കി. പുതിയ വഖഫ് ബോര്‍ഡ് അംഗങ്ങളെ ഉടന്‍ നിയോഗിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ പ്രതിഷേധിച്ച് ഇസ്കോണ്‍ | ബംഗ്ലാദേശിലെ സന്ന്യാസിമാര്‍ക്കെതിരായ നടപടിയില്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി ഇസ്കോണ്‍. ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനാ പ്രതിഷേധമാണ് ഇവര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാകെ പ്രാര്‍ത്ഥനാ പ്രതിഷേധങ്ങള്‍ക്കാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് എഴുതി നല്കിയാല് ബീഫ് നിരോധിക്കാം | കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്കിയാല് അസമില്‍ ബീഫ് നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന് ആരോപിച്ചത്.
വിദേശം
ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി | ലെംഗിക തൊഴിലാളികള്‍ക്ക് പ്രസവ അവധി, ആരോഗ്യ ഇന്‍ഷുറന്‍സ്, പെന്ഷന് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളുമായി ബെല്‍ജിയം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത്.
കായികലോകം
ജയ് ഷാ ഐസിസി ചെയര്‍മാനായി | ഐസിസിയുടെ പുതിയ ചെയര്‍മാനായി ചുമതല ഏറ്റെടുത്ത് ജയ് ഷാ. ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുമെന്നും വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ ജയ് ഷാ 2028ലെ ലോസ് ഏയ്ഞ്ചല്‍സ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരയിനമാകുന്നത് ക്രിക്കറ്റിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതില്‍ നിര്‍ണായകമാകുമെന്നും സ്ഥാനമേറ്റെടുത്തശേഷം പറഞ്ഞു.