സംസ്ഥാനം
കാലാവസ്ഥ | ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ചു ദിവസത്തോളം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫിന്‍ജാല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ചെന്നൈ അടക്കം വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
എയ്ഡഡ് കോളജുകളും വിവരാവകാശ പരിധിയില്‍ | എയ്ഡഡ് കോളജുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന കേരള ഹൈക്കോടി വിധി സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാര്‍ ഫണ്ട് സ്വീകരിക്കുന്നതിനാല്‍ പൊതു സ്ഥാപനമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്നായിരുന്നു വിധി.
ജാതീയ അധിക്ഷേപമില്ലെങ്കില്‍ അതിക്രമം തടയല്‍ ബാധമാകില്ല | ജാതീയ അധിക്ഷേപമില്ലെങ്കില്‍ എസ്.സി, എസ്.ടിക്കാര്ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റം ബാധകമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരര് എസ്.സി./എസ്.ടി. വിഭാഗത്തില്‍ ഉള്‍പ്പെട്ടതുകൊണ്ടു മാത്രം ഏതു വിമര്‍ശനവും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു നിരീക്ഷണം. എം.ജി. സര്‍വകലാശാലയിലെ ഡോ. നന്ദകുമാറിനെതിരെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കി.
കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണം തുടങ്ങി | കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ബി.ജെ.പി തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
പ്രബേഷന്‍ ഇനി ടൈപ്പിംഗ് കോഴ്സ് വേണ്ട | സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ്, ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളല്‍ പ്രവേശിക്കുന്നവര്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗോ തുല്യമായ യോഗ്യതയോ നേടിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം മിനിട്ടില്‍ 15 മലയാളം വാക്കുകളും 20 ഇംഗ്ലീഷ് വാക്കുകളും ടൈപ്പ് ചെയ്യാനുള്ള കഴിവുണ്ടെന്ന് ഓഫീസ് മേലധികാരി സാക്ഷ്യപത്രം നല്കിയാല് മതിയാകും.
സജി ചെറിയാന് കേസ് എസ്.പി അന്വേഷിക്കും | മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴിലുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്.
കെ. ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നല്കി | മല്ലു ഹിന്ദു ഓഫീസേര്‍സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഓഫീസര്‍ കെ ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്് ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് മെമ്മോ നല്കി്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള് ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയില്‍ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിനുള്ളില്‍ കെ ഗോപാലകൃഷ്ണന് മറുപടി നല്‍കണം.
ഗവര്‍ണര്‍ക്കെതിരെ പോര്‍മുഖം തുറന്ന് സി.പി.എം | സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നല്‍കും. സര്‍വ്വകലാശാലകളില്‍ തുടങ്ങി പൊതു സമൂഹത്തില്‍ വരെ ഗവര്‍ണറുടെ ചെയ്തികള്‍ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നല്‍കുമെന്നും എം. വി ഗോവിന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.
ഹേമ കമ്മിറ്റിയോട പറഞ്ഞതില്‍ തുടര്‍ നടപടി വേണ്ടെന്ന് നടി സുപ്രീം കോടതിയില്‍ | ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ക്കെതിരെയുള്ള നടി മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെ എതിര്‍ത്ത് ഡബ്ല്യുസിസി. സുപ്രീം കോടതിയില്‍ നടി നല്കിയ ഹര്‍ജി അപ്രസക്തമാണെന്നു വ്യക്തമാക്കിയ ഡബ്ല്യുസിസി കക്ഷി ചേരാനും അപേക്ഷ നല്കി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു നടി മാലാ പാര്‍വതിയുടെ പ്രതികരണം.
കരുനാഗപ്പള്ളിയില്‍ നടപടിക്ക് സി.പി.എം | നേതാക്കളെ പൂട്ടിയിട്ടതിനു പിന്നാലെ പാര്‍ട്ടി ഓഫീസിലേക്ക് പ്രകടനവും. കരുനാഗപ്പള്ളിയില്‍ കുലശേഖരപുരം ലോക്കല്‍ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തെറ്റായ പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ഉണ്ടാകുന്നതല്ല അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നതാണ് പ്രധാനം. സംഘടനാ തലത്തില്‍ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. എം.വി ഗോവിന്ദന് ഇന്ന് കൊല്ലം ജില്ലയിലെത്തും. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മറ്റിയും യോഗം ചേരുമെന്നും വിമതരുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
ദേശീയം
സമവായമില്ല… നാലാം ദിവസവും തടസ്സപ്പെട്ടു | പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ നാലാം ദിവസവും ഇരു സഭകളും തടസപ്പെട്ടു.
ജാമ്യത്തില്‍ പിഴവുണ്ട്, റദ്ദാക്കി | പാലക്കാട് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവു പറ്റിയെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യത്തിനെതിരെ എന്‍ഐഎ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.
ഫിന്‍ജാല്‍ വരുന്നു, തമിഴ്നാട്ടില്‍ കനത്ത ജാഗ്രത | ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രത. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് റദ്ദാക്കിയത്. ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
അനൈക്യം… കോണ്‍ഗ്രസ് പുന:സംഘടിപ്പിക്കും | മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ പുന:സംഘടനക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് ദില്ലിയില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ഉള്ളതെന്നും പാര്‍ട്ടിയുടെ ഉണര്‍വിനായി കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വരുമെന്നും പ്രവര്‍ത്തക സമിതിയില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും വ്യക്തമാക്കി.
കായിക ലോകം
ഗുകേഷ് സമനിലയില്‍ | ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം പോരാട്ടത്തില്‍ സമനില. ഇതോടെ ഇരുവരുടെയും പോയിന്റ് നില 2-2 ആയി.