സംസ്ഥാനം

അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ | അങ്കണവാടിയിലെ ക്ലാസ്മുറിയില്‍ വീണ മൂന്നുവയസ്സുകാരി തലയ്ക്കും കഴുത്തിനും പരിക്കേറ്റ് എസ്എടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിക്ക് ചികിത്സ ലഭ്യമാക്കുകയോ വിവരം രക്ഷകര്‍ക്കാക്കളെ യഥാസമയം അറിയിക്കാനോ തയാറാകാതിരുന്ന അങ്കണവാടി വര്‍ക്കറെയും ഹെല്‍പറെയും ജില്ലാ ശിശുവികസന ഓഫീസര്‍ സസ്‌പെന്റ് ചെയ്തു.

ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപോര് മുറുകുന്നു | രാഷ്ട്രീയ പാര്‍ട്ടികള്‍ പുത്തന്‍ ശൈലികള്‍ പരീക്ഷിച്ച ഉപതെരഞ്ഞെടുപ്പില്‍ വിരിഞ്ഞത് പുതിയ കണക്കുകളാണ്. അതാകട്ടെ, മുന്നണികള്‍ക്ക് വിചാരിക്കാത്ത തലവേദന സൃഷ്ടിക്കുന്നത്. പാലക്കാട്ട് സി.പി.എമ്മിന്റെ തന്ത്രങ്ങളിലൂന്നിയുള്ള വാക്‌പോരാണെങ്കില്‍ ചേലക്കരിയെ പ്രശ്‌നം ബി.ജെ.പിക്കു ലഭിച്ച അധിക വോട്ടുകളാണ്.

റേഷന്‍ കാര്‍ഡുകള്‍ ഇന്നു മുതല്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം | ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് രാവിലെ 11 മണി മുതല്‍ നല്‍കാവുന്നതാണ്. അപേക്ഷകള്‍ ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സ്വീകരിക്കും.

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ദ്ധന | ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവ്. നടതുറന്ന് 9 ദിവസം പൂര്‍ത്തിയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തില്‍ 13,33,79,701 രൂപയുടെ വര്‍ധനയുമുണ്ടായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് വ്യക്തമാക്കി.

നിയുക്ത കര്‍ദ്ദിനാള്‍ മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി | നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാളായി ചുമതലയേല്‍ക്കും.

ദേശീയം

ഭരണഘടനയ്ക്ക് നാളെ 75 വയസ് | 1949 നവംബര്‍ 26നാണ് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ആ ദിനം ഭരണഘടനാ ദിനമായി രാജ്യം നെഞ്ചിലേറ്റുന്നു. ഭരണഘടന അംഗീകരിച്ച പഴയ പാര്‍ലമെന്റിന്റെ അതേ സെന്‍ട്രല്‍ ഹാളില്‍ നാളെ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിക്കും. 1,17,360 ഇംഗ്ലീഷ് വാക്കുകളുള്ള ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ ഭരണഘടന കൂടിയാണിത്. തുടക്കത്തില്‍ മൗലികാവകാശങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1976 ല്‍ 42 ാം ഭേദഗതിയിലൂടെ പത്ത് ഭരണഘടനാ ഉത്തരവാദിത്വങ്ങളും 2022ല്‍ 11 ാമത്തെ ഉത്തരവാദിത്വവും ചേര്‍ത്തു.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്നു മുതല്‍ | വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.

ഹേമന്ത് സോറന്‍ 28ന് സത്യപ്രതിജ്ഞ ചെയ്യും | ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ ഭരണത്തുടര്‍ച്ച നേടിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ 28ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ ചേര്‍ന്ന ജെ.എം.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി, അവകാശം ഉന്നയിച്ച് ഷിന്‍ഡെ | മഹാരാഷ്ട്ര മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്നു നിലപാടില്‍ മുന്നണിയിലെ കക്ഷിനേതാക്കളുമായി ബി.ജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷമാകും മുന്നണി എം.എല്‍.എമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

പ്രതിഷേധത്തിനിടെ തീവയ്പ്പ്, കല്ലേറ്…വെടിവയപ്പില്‍ 3 മരണം | ഉത്തര്‍പ്രദേശിലെ ചന്ദൗസിയിലെ തര്‍ക്കമന്ദിരമായ ഷാഹി ജുമാ മസ്ജിദില്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് നടത്തിയ സര്‍വേ, സംഘര്‍ഷത്തിലും വെടിവയ്പ്പിലും കലാശിച്ചു. തടിച്ചു കൂടിയ വന്‍ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്ക് പരിക്കേറ്റു. വീടുകളുടെ മുകളില്‍ നിന്ന് പൊലീസിനെ കല്ലെറിഞ്ഞ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ അറസ്റ്റിലായി.

മൊബൈല്‍ കവറേജ് മാച്ച് നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണം | രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ.

കായികലോകം

ഐ.പി.എല്‍ താരലേലം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറി | ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്ര് ലീഗ് (ഐ.പി.എല്‍) മെഗാ താരലേലത്തില്‍ സൂപ്പര്‍ താരങ്ങളായി റിഷഭ് പന്തും ശ്രേയസ് അയ്യരും മാറി. ഐ.പി.എല്‍ ലേല ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 27 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന റിഷഭ് പന്തിനെ ലക്നൗ സൂപ്പര്‍ ജയിന്റ്സ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കിയ ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവീഥിയില്‍ | മൂന്നു തുടര്‍ തോല്‍വികള്‍ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ മിന്നി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്.സിക്കെതിരെ വിജയം കുറിച്ചു. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ക്ലീന്‍ ഷീറ്റ് മത്സവരത്തില്‍ മലയാളി താരം കെ.പി. രാഹുലിന്റെ ബൂട്ടില്‍ നിന്നും സീസണിലെ ആദ്യ ഗോള്‍ പിറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here