സംസ്ഥാനം

വിധി ഇന്നറിയാം | ലോക്‌സഭാ നിയമസഭാ ഉപതെരഞ്ഞടുപ്പുകളിലെ വിധി ഇന്നറിയാം.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മുനമ്പം പഠിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന്‍ | മുനമ്പത്തെ പ്രശ്‌നങ്ങള്‍ വിശദമായി പഠിക്കാന്‍ ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ കമ്മിഷനായി നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം. പരിഗണനാ വിഷയങ്ങള്‍ വൈകാതെ നിശ്ചയിക്കും. ആരെയും കുടിയിറക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ജുഡീഷ്യല്‍ കമ്മിഷനല്ല വേണ്ടതെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും സമര രംഗത്തുള്ള ഭൂസംരക്ഷണ സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ മുനമ്പത്ത് ഇന്ന് യോഗം നടക്കും.

എന്‍.എന്‍.പിള്ള അന്തരിച്ചു | നാടകകൃത്തും എഴുത്തുകാരനുമായ ഓം ചേരി നാരായണ പിള്ള (എന്‍.എന്‍.പിള്ള, 101) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം. സംസ്‌കാരം നാളെ വൈകുന്നേരം മൂന്നിന് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍

മുണ്ടക്കൈ ഹര്‍ത്താലിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് അരങ്ങേറിയ ഹര്‍ത്താലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ പുന:രധിവാസത്തിനായി 2219 കോടി രൂപയുടെ പാക്കേജ് നവംബര്‍ 13ന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതു പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം | ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. കേസ് നിയമപരമായി നേരിടും. ഭരണഘടനയെ വിമര്‍ശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

നടിമാര്‍ പിന്‍മാറിയാലും നടന്മാര്‍ക്കെതിരായ പീഡനക്കേസുകള്‍ തുടരും | ലൈംഗിക ആരോപണ കേസില്‍ മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി. കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും, തനിക്ക് സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍, നടിമാര്‍ പിന്മാറിയാലും കേസുകള്‍ തുടരുമെന്ന നിലപാടിലാണ് പോലീസ്.

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം റിപ്പോര്‍ട്ട് | വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പൊലീസിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പൊലീസ് അറിയിച്ചത്.

സെന്‍ട്രല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍ | അമ്പലമേടിലെ ബി.പി.സി.എല്‍ പ്ലാന്റില്‍ തൊഴിലാളികളെ പ്രവേശിപ്പിക്കാനുള്ള മൈഗ്രന്റ് ലൈസന്‍സിനായി ഉപകരാറുകാരനില്‍നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ സെന്‍ട്രല്‍ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍, കാക്കനാട് ശ്രംസദനിലെ കൊച്ചി സെന്‍ട്രല്‍ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശ് സ്വദേശി അജീത്കുമാറാണ് (32)അറസ്റ്റിലായി.

ദേശീയം

വിവാദ അദാനി ഇടപാടുകള്‍ സെബി വീണ്ടും പരിശോധിക്കും | അമേരിക്കന്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ ഗൗതം അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യന്‍ ഓഹരി നിയന്ത്രണ സ്ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) അന്വേഷിക്കുന്നു. അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയുടെ സൗരോര്‍ജത്തിന് കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 2,092 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇത് മറച്ചു വച്ച് അമേരിക്കയില്‍ നിക്ഷേപ സമാഹരണം നടത്തിയെന്നുമാണ് യു. എസ് സെക്യൂരിറ്റീസ് എക്സ്‌ചേഞ്ച് കമ്മീഷന്റെ (എസ്.ഇ.സി) കുറ്റപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here