സംസ്ഥാനം

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും | 2022 ജൂലൈ മൂന്നിന് തിരുവല്ലയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് വീണ്ടും കുരുക്ക്. കുന്തം, കൊടച്ചക്രം, തൊഴിലാളി ചൂഷണം എന്നൊക്കെ പറഞ്ഞ് ഭരണഘടനയെ അവഹേളിച്ചെന്ന കേസ് ക്രൈം ബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഡി.ജി.പിക്കു ഹൈക്കോടതി ഉത്തരവു നല്‍കി. മന്ത്രി ക്ലീന്‍ ചീറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് തുരന്വേഷണം നിരാകരിച്ച തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. രാജി വയ്ക്കില്ലെന്ന് സജി ചെറിയാന്‍ വ്യക്തമാക്കുന്നതിനിടെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കുകയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മന്ത്രി.

കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല, മുഖ്യനെ കരിങ്കൊടി കാട്ടിയ കേസ് റദ്ദാക്കി | കരിങ്കൊടി വീശിയുള്ള പ്രതിഷേധം അപകീര്‍ത്തികരമോ നിയമവിരുദ്ധമോ അല്ലെന്ന് ഹൈക്കോടതി. ചിഹ്നങ്ങളോ പ്രകടമായ രൂപങ്ങളോ അപകീര്‍ത്തിപ്പെടുത്തലിന്റെ ഭാഗമായി പറയാമെങ്കിലും കരിങ്കൊടിയെ അങ്ങനെ കാണാനാകില്ല. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ല. പിന്തുണച്ചോ പ്രതിഷേധിച്ചോ ആവാം കൊടി വീശല്‍. സാഹചര്യത്തെയും കാഴ്ചപ്പാടിനെയും ബന്ധപ്പെടുത്തി ഇതില്‍ മാറ്റമുണ്ടാകാമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. 2017 ഏപ്രില്‍ ഒമ്പതിന് പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.

വ്യാപാരിയെ ആക്രമിച്ച് രണ്ടര കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു | മലപ്പുറത്ത് സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു. കടയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണമാണ് വഴിക്ക് വച്ച് ആക്രമിച്ച് കൈക്കലാക്കിയത്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒമ്പതംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ്. തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരുടെ പക്കല്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്താനായില്ല.

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം | വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ എട്ടിന് വോട്ട് എണ്ണി തുടങ്ങും.

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു | വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷന്‍ സി.പി.ഒ കരിവെള്ളൂര്‍ പലയേരിക്കൊവ്വല്‍ സ്വദേശിനി ദിവ്യശ്രീ( 30) ആണ് പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവ് രാജേഷി(33)ന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെട്ട പ്രതി രാജേഷിനെ (33) ണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ദിവ്യശ്രീയുടെ പിതാവ് കെ.വാസുവിന് അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു.

‘ഒന്നിനും ഉറപ്പില്ല’, ക്ലോസറ്റ് തകര്‍ന്ന് ജീവനക്കാരി ആശുപത്രിയില്‍ | ഭരണസിരാ കേന്ദ്രത്തിലെ അനക്‌സ് കെട്ടിടത്തില്‍ പഴകിയ ക്ലോസറ്റ് തകര്‍ന്ന് ചീളുകള്‍ ഉദ്യോഗസ്ഥയുടെ ദേഹത്ത് കുത്തിക്കയറി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ഇടുപ്പിന്റെ പിന്‍ഭാഗത്ത് ഉണ്ടായ പരിക്കില്‍ 14 തുന്നലിട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്.

ശബരിമല റോപ്പ്‌വേക്ക് ഭൂമി കൈമാറി | പരിഹാര വനവല്‍ക്കരണത്തിന്റെ ഭാഗമായി ശബരിമല റോപ്‌വേയ്ക്ക് ആവശ്യം വരുന്ന 4.53 ഹെക്ടര്‍ വനഭൂമിക്ക് പകരമുയുളള റവന്യൂ ഭൂമി വിട്ടു നല്‍കുന്ന ഉത്തരവ് മന്ത്രി എ.കെ. ശശീന്ദ്രന് മന്ത്രി കെ രാജന്‍ കൈമാറി.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍ | ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ മൂന്നു വിദ്യാര്‍ത്ഥികളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.

ദുരന്തസഹായത്തിനായി ഒരുമിച്ച് ശബ്ദമുയര്‍ത്തും | വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് അര്‍ഹമായ സഹായം വൈകുന്നതിലുള്ള പ്രതിഷേധം പാര്‍ലമെന്റില്‍ അറിയിക്കണമെന്ന് എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദേശീയം

മകള്‍ ജനിച്ച ദിവസം തന്നെ പിതാവിന് ദാരുണാന്ത്യം | സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍, ചുരാചന്ദ്പൂരില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കുക്കി യുവാവിന്റെ മൃതദേഹം കണ്ടെത്തി. അതും മകള്‍ ജനിച്ച ദിവസം.

വഖഫ് ബില്‍ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും | വിവാദങ്ങള്‍ക്കിടെ പുതിയ വഖഫ് ബില്‍ 25നു തുടങ്ങു്ന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 15 ബില്ലുകളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

വിദേശം

അദാനിക്ക് അമേരിക്കയയില്‍ അറസ്റ്റ് വാറന്റ്, കെനിയ കരാറുകള്‍ റദ്ദാക്കി | ഇന്ത്യയിലെ 2,092 കോടി രൂപയുടെ കൈക്കൂലി മറച്ചുവച്ച് നിക്ഷേപസമാഹരണം നടത്തിയ കേസില്‍ ഗൗതം അദാനി, സഹോദരപുത്രന്‍ സാഗര്‍ അദാനി എന്നിവര്‍ക്ക് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടു പേര്‍ക്കെതിരെ യു.എസ്. കോടതിയില്‍ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നെതന്യാഹുവിനെതിരെ ഐ.സി.സി. അറസ്റ്റ് വാറന്റ് | ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ്, ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദായിഫ് എന്നിവര്‍ക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here