സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മദ്ധ്യതെക്കന്‍ ജില്ലകളില്‍ മഴയോടൊപ്പം ഇടിമിന്നലിനും സാധയതയുണ്ട്. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുളകിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
നാളെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല | റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുമെന്ന് സംയുക്്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പാലക്കാട് കൊട്ടികലാശം | പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടികലാശം.
മുണ്ടകൈക്ക് ലെവല്‍ത്രീ നേടാന്‍ സമ്മര്‍ദ്ദം | മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. പ്രഖ്യാപിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. ഓഖി, പ്രളയദുരന്തങ്ങളില്‍ ലഭിച്ച ലവല്‍ മൂന്നില്‍ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. കേന്ദ്ര സഹായത്തോടെ മാത്രം പുനരധിവാസ പ്രവര്‍ത്തനം കൈകാര്യം ചെയ്യാനാകുന്ന ഗുരുതരസ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അടക്കം സഹായം നല്‍കാന്‍ സാധിക്കും. ദേശീയ രാജ്യാന്തര തരത്തിലുള്ള സഹായവും കൈപ്പറ്റാന്‍ സാധിക്കും.
പിടിയിലായ സന്തോഷ് കുറുവ സംഘത്തിലെ പ്രധാനിയോ ? | മണ്ണവഞ്ചേരിയിലെ മോഷണക്കേസില്‍ എറണാകുളം കുണ്ടന്നൂരില്‍ നിന്ന് സാഹസികമായി പോലീസ് പിടികൂടിയ സന്തോഷ് ശെല്‍വം (25) കുറുവ സംഘത്തിലെ പ്രധാനിയെന്ന് സൂചന. തമിഴ്‌നാട് കാമാച്ചിപുരം സ്വദേശിയായ ഇയാള്‍ ഉള്‍പ്പെടുന്ന 14 പേരുടെ തിരുട്ടുസംഘമാണ് സംസ്ഥാനത്ത് മോഷണത്തിന് എത്തിയിരിക്കുന്നതെന്ന് ആലപ്പുഴ പോലീസ് പറയുന്നു.
ഹരിതകര്‍മ സേനയ്ക്ക് സി.ഐ.ടി.യു യൂണിയന്‍ | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി സി.ഐ.ടി.യു ജില്ലാ ഹരിസകര്‍മ്മ സേന വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപീകരിച്ചു.
ദേശീയം
ഹൈപ്പര്‍സോണിക് മിസൈല്‍ ക്ലബില്‍ നാലാമത്തെ അംഗമായി ഇന്ത്യ | അമേരിക്കയും റഷ്യയും ചൈനയും മാത്രമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ക്ലബില്‍ ഇടം പിടിച്ച് ഇന്ത്യയും. ശബ്ദത്തിന്റെ അഞ്ചു മടങ്ങ് വേഗതയും1500 കിലോമീറ്ററിലേറെ പ്രഹരപരിധിയുമുള്ള മിസൈല്‍ ശനിയാഴ്ച രാത്രി ഒഡിഷ തീരക്കടലിലെ ഡോ. എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ചു. മണിക്കൂറില്‍ 1235 കിലോമീറ്ററിനു മുകളിലുള്ള വേഗമാണ്, ശബ്ദവേഗത്തിന്റെ അളവ് കോലായ മാക്ക് ഒന്ന്. മാക് അഞ്ചു മുതല്‍ മാക് 20 വരെയാണ് ഹൈപ്പര്‍സോണിക് വേഗം. മാക്ക് 20-21 വേഗത്തിലുള്ള ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍ വരെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മണിപ്പൂര്‍ ആളിക്കത്തുന്നു, ഇംഫാല്‍ താഴ്‌വരയില്‍ സ്ഥിതി രൂക്ഷം | സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ മണിപ്പുരില്‍ ശനിയാഴ്ച വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം ആളിപ്പടരുന്നു. സായുധ സംഘങ്ങള്‍ക്കെതിരെ 24 മണിക്കൂറിനകം നടപടി ഉണ്ടാകണമെന്ന് മെയ്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന് അന്ത്യശാസനം നല്‍കി. സേനയുടെ പ്രത്യേക അധികാരം (അഫ്സ്പ) പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ബീരേന്‍ സിംഗ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് സഖ്യകക്ഷിയായ കോണ്‍റാഡ് സംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) പിന്തുണ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ഡല്‍ഹിക്ക് മടങ്ങി. അടിയന്തര സുരക്ഷാ അവലോകന യോഗം വിളിച്ചിട്ടുണ്ട്.
ആം ആദ്മി നേതാവ് കൈലാശ് ഗഹ്‌ലോത് മന്ത്രിപദവി രാജിവച്ചു | ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ കൈലാശ് ഗഹ്‌ലോത് മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ചു. ജാട്ട് നേതാവ് കൂടിയായ ഗെഹ്ലോട്ടിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി അതിഷി ഏറ്റെടുത്തു. മണിക്കൂറുകള്‍ക്കകം ബി.ജെ.പിയുടെ പൂര്‍വ്വാഞ്ചല്‍ മുഖം അനില്‍ ഝാ ആംആദ്മിയിലെത്തി. ഡല്‍ഹി നിയമസഭയുടെ കാലാവധി 2025 ഫെബ്രുവരി 15നാണ് അവസാനിക്കുന്നത്.
വിദേശം
ജി20 ഉച്ചകോടി തുടങ്ങി | ജി20 ഉച്ചകോടിക്ക് ബ്രസീലില്‍ ഇന്ന് തുടങ്ങും. ആഗോള താപനവും നയതന്ത്ര സംഘര്‍ഷങ്ങളും പ്രധാന ചര്‍ച്ച വിഷയം.