സംസ്ഥാനം
കാലാവസ്ഥ | മാന്നാര്‍ കടലിടുക്കിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ അടുത്ത അഞ്ചു ദിവസം മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വളരെ കുറഞ്ഞ സമയത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പകല്‍ താപനില വര്‍ധിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
എഴുത്തച്ഛന് പുരസ്കാരം എന്‍.എസ്. മാധവന് |
സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛന് പുരസ്കാരം എന്‍.എസ്. മാധവന്.
ഒരു ഗഡു ക്ഷേമ പെന്ഷന് കൂടി | നവംബറിലെ ക്ഷേമ പെന്ഷന് കൂടി സര്‍ക്കാര്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. നാലു മാസത്തെ പെന്ഷന് കുടിശ്ശികയാണ് ഉള്ളത്.
വിഴിഞ്ഞത്ത് വയബിലിറ്റി ഗ്യാപ് ഫണ്ട് തര്‍ക്കം | ഡിസംബറില്‍ കമ്മിഷനിംഗിനു കേന്ദ്ര അനുമതി കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് 817.8 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) അനുവദിക്കുന്നതിന് കേന്ദ്രം ഉപാധിവച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് മാറ്റണമെന്നു ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതി. കേന്ദ്രം 817.8 കോടി അനുവദിച്ചാല്‍ വ്യവസ്ഥപ്രകാരം തുല്യമായ തുക സംസ്ഥാനവും അദാനി ഗ്രൂപ്പിന് നല്‍കേണ്ടതുണ്ട്. സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ സംസ്ഥാന വിഹിതം ഉടന്‍ നല്‍കുമെന്ന് ഉറപ്പില്ല. ഫണ്ടിനായി കാത്തിരിക്കാതെ പദ്ധതി കമ്മിഷന് ചെയ്യുന്നതുമായി മുന്നോട്ടു നീങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ ആലോചന.
കൊടകര കുഴല്‍പ്പണത്തില്‍ തുടരന്വേഷണം | കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021ലെ തെരഞ്ഞെടുപ്പ് സമയത്ത് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിക്കായി കൊണ്ടുവന്ന കുഴല്പ്പണമാണെന്നു പാര്‍ട്ടിയുടെ അന്നത്തെ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പോലീസ് മേധാവി ധര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുടരന്വേഷണത്തിനു കോടതിയുടെ അനുമതി തേടാന്‍ തീരുമാനിച്ചത്.
നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് | കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് വ്യക്തമാക്കി ലാന്‍ഡ് റവന്യൂ ജോ. കമ്മിഷണര്‍ എ. ഗീത തയാറാക്കിയ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്കു കൈമാറി.
സ്വര്‍ണ്ണവില കുറഞ്ഞു | സ്വര്‍ണ്ണവിലയില്‍ ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. 59,080 രൂപയാണ് പവന്റെ വില.
ദേശീയം
മതം മാറിയ ദലിതര്‍ക്ക് പട്ടികജാതി പദവി | മതം മാറിയ ദലിതര്‍ക്ക് പട്ടികജാതി പദവി നല്കുന്നതു സംബന്ധിച്ച് പഠിക്കാനായി നിയമിച്ച കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷം കൂടി സമയം അനുവദിച്ചു. 2022 ഒക്ടോബറിലാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് അധ്യക്ഷനായി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.
ജിഎസ്ടി വരുമാനത്തില്‍ 9 ശതമാനം വര്‍ദ്ധന | ഒക്ടോബറില്‍ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപ. ജി.എസ്.ടി. നിലവില്‍ വന്നശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണിത്.
വിദേശം
ഗാസ അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിംഗ് | വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കു മീതെ കരിനിഴല്‍ വീഴ്ത്തി ഗാസയിലും ലബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലടക്കം നടന്ന ബോംബാക്രമണങ്ങളില്‍ 64 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
കായികലോകം
ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 235ന് അവസാനിച്ചു | ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര പരമ്പരയില്‍ ആദ്യ രണ്ടും തോറ്റശേഷം ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ, സ്പീന്നര്മാരുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെ 235ന് പുറത്താക്കി. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ 86 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു വേള ഒന്നിന് 78 ആയിരുന്നു ഇന്ത്യയുടെ സ്കോര്‍. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തി.
സ്കൂള്‍ കായികമേയ്ക്ക് ഇനി രണ്ടു നാള് | സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് മുന്നോടിയായുള്ളള ദീപശിഖാ പ്രായാണത്തിന് കാസര്‍കോട്ടും വാഹനജാഥയ്ക്ക് തിരുവനന്തപുരത്തും തുടക്കും.
പഠനകാര്യം
എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷ മാര്‍ച്ച് 3 മുതല്‍ | എസ്.എസ്.എല്‍.സി, പ്ലസടൂ പരീക്ഷകള്‍ മാര്‍ച്ച് മൂന്നു മുതല്‍ 26വരെ നടക്കും. എസ്.എസ്.എല്‍.സി. പരീക്ഷകള്‍ രാവിലെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഉച്ചയ്ക്കുശേഷവുമാണ്. പ്ലസ് വണ്‍ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ്. എസ്.എസ്്.എല്‍.സി. ഐ.ടി. പ്രായോഗിക പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14വരെ. മേയ് മൂ്ന്നാം വാരം ഫലം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
നീറ്റ് പിജി രജിസ്ട്രേഷന് | കാത്തിരിപ്പിനൊടുവില്‍ നീറ്റ് പിജി കൗണ്‍സിലിംഗിന്റെ ഷെഡ്യൂള്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. ഈ മാസം 17ന് ഉച്ചയ്ക്ക് 12 വരെ ആദ്യഘട്ട രജിസ്ട്രേഷന് നടത്താം. ഉച്ചകഴിഞ്ഞു മൂന്നു വരെ ഫീസ് അടയ്ക്കാം. ചോയിസ് ഫില്ലിംഗ്, ലോക്കിംഗ് എന്നിവ എട്ടു മുതല്‍ 17വരെയാണ്. സീറ്റ് അലോട്ട്മെന്റ് നടപടികള്‍ 18,19 തീയതികളില്‍ നടക്കും. 20നാണു ഫലം പ്രസിദ്ധീകരിക്കുക. 21 മുതല്‍ 27 വരെയാണ് പ്രവേശനത്തിനു അവസരം. അലോട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിച്ച് അഡ്മിഷന് ഉറപ്പാക്കി വിവരം എംസിസിയെ അറിയിക്കാനുളള്ള സമയപരിധി 28,29 ആണ്. രണ്ടാം റൗണ്ട് നടപടികള്‍ ഡിസംബര്‍ 4 മുതല്‍ 9 വരെയാണ്. ചോയ്സ് ഫില്ലിംഗ് ലോക്കിംഗ് അഞ്ചിന് ആരംഭിക്കും. സീറ്റ് അലോട്ട്മെന്റ് ഡിസംബര്‍ 10, 11 തീയതികളിലും ഫലപ്രഖ്യാപനം 12നും നടക്കും. സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പാക്കാന്‍ ഡിസംബര്‍ 13 മുതല്‍ 29 വരെ സമയമുണ്ട്.